ന്യൂദല്‍ഹി- 1984ലെ ദല്‍ഹി സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് മുസ്ലിം വിരുദ്ധ കലാപവും സമാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. രണ്ടു കലാപങ്ങളിലും ആക്രമികള്‍ ഇരകളെ വേട്ടയാടിയ രീതി സമാനമായിരുന്നുവെന്ന് സക്കിയ ജഫ്രിക്കു വേണ്ടി കോടതിയില്‍ ഹാജരായ സിബല്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപം അന്വേഷിച്ച എസ്‌ഐടി മുന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ചോദ്യം ചെയ്്ത് സക്കിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സിബല്‍ ഈ സമീകരണം നടത്തിയത്. കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവയാണ് സക്കിയ.
മഹാറാണി ബാഗിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഇവിടെ രണ്ട് സിഖ് വീടുകളുണ്ടായിരുന്നു. ഇവ ആള്‍ക്കൂട്ടം തെരഞ്ഞെുപിടിച്ച് ആക്രമിച്ചു. സമാനമായാണ് 2002ലെ ഗുജറാത്ത് കലാപ സമയത്ത് മുസ്ലിം വീടുകള്‍ക്കു നേരേയും ആക്രമണം ഉണ്ടായത്- സിബല്‍ പറഞ്ഞു. ഗുജറാത്ത് കലാപം അന്വേഷിച്ച എസ്‌ഐടി അന്വേഷണം നടത്തിയിട്ടില്ലെന്നും സിബല്‍ വാദിച്ചു.
എസ്‌ഐടിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേണം വേണം. അവര്‍ അവരുടെ ജോലി ചെയ്തിട്ടില്ല. അത് ഒരു സംരക്ഷണ പ്രവര്‍ത്തനമായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ആര്‍എസ്എസ് അംഗങ്ങളെ രക്ഷിക്കുന്ന പണി മാത്രമാണ് എസ്‌ഐടി ചെയ്തത്- ജസ്റ്റിസുമാരായ എഎം ഖന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് മുമ്പാകെ സിബല്‍ പറഞ്ഞു.
ഈ അന്വേഷണം സംഘം അവര്‍ക്ക് അറിയാവുന്ന വസ്തുതകള്‍ക്ക് വിരുദ്ധമായാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അന്വേഷണ ഏജന്‍സി അതിന്റെ ജോലി ചെയ്തില്ലെങ്കില്‍ ഇരകള്‍ക്ക് വേട്ടക്കാരുടെ കയ്യില്‍ നിന്നും അന്വേഷണ ഏജന്‍സികളുടെ കയ്യില്‍ നിന്നും ഇരട്ടി അനുഭവിക്കേണ്ടി വരുന്നു. പോലീസും എസ്‌ഐടിയും ഒത്തുകളിച്ചെന്നും ഇതിന് അവര്‍ക്ക് പ്രതിഫലം ലഭിച്ചുവെന്നും സിബല്‍ വാദിച്ചു. 2008 സുപ്രീം കോടതിയാണ് ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ എസ്‌ഐടിയെ നിയോഗിച്ചത്.