VIDEO രാജകാരുണ്യം; അവരെ സൗദിയിലേക്ക് കൊണ്ടുവരുന്നു, പിതാവ് ആനന്ദക്കണ്ണീരില്‍

റിയാദ് - ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്ന ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ സല്‍മക്കും സാറക്കും സൗദിയില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തും. കുട്ടികളെ സൗദിയിലെത്തിച്ച്  ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ മാതാപിതാക്കള്‍ക്കൊപ്പം സയാമീസ് ഇരട്ടകളെ ഈജിപ്തില്‍നിന്ന് റിയാദിലെത്തിക്കും.

https://www.malayalamnewsdaily.com/sites/default/files/2021/11/11/p2siame2.jpg

നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ റിയാദ് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ചാണ് കുട്ടികള്‍ക്ക് സൗജന്യമായി  ശസ്ത്രക്രിയ നടത്തുക. മെഡിക്കല്‍ സംഘത്തിന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅ നേതൃത്വം നല്‍കും.
 ലോകത്തെ 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സൗദിയിലെത്തിച്ച് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കുകയും ഓപ്പറേഷനുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി സൗദിയിലെത്തിക്കുന്ന 118-ാമത്തെ കേസാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളുടെത്.
സല്‍മാന്‍ രാജാവിന്റെ കരുണാവായ്പിലൂടെ തങ്ങളുടെ തോരാകണ്ണീരിനാണ് അറുതിയാകാന്‍ പോകുന്നതെന്ന് കുട്ടികളുടെ പിതാവ് പറഞ്ഞു. മക്കള്‍ക്ക് റിയാദില്‍  ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഹ്ലാദമുണ്ട്. സല്‍മാന്‍ രാജാവിനും സൗദി ജനതക്കും താന്‍ നന്ദി പറയുകയാണെന്നും സയാമീസ് ഇരട്ടകളുടെ പിതാവ് പറഞ്ഞു.

 

 

Latest News