Sorry, you need to enable JavaScript to visit this website.

ഖാലിദ സിയയെ വിട്ടയക്കാന്‍ ബംഗ്ലാദേശ് നഗരങ്ങളില്‍ പ്രതിപക്ഷ റാലി

ധാക്ക- ജയിലിലടച്ച മുന്‍പ്രധാനമന്ത്രി ഖാലിദ സിയയെ വിട്ടയക്കണമെന്നും നീതിപര്‍വകമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനു പ്രതിപക്ഷ പ്രവര്‍ത്തകര്‍ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ റാലി നടത്തി. അഴിമിതി ആരോപിച്ചാണ് രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയെ കഴിഞ്ഞയാഴ്ച അഞ്ച് വര്‍ഷത്തേക്ക് ജയിലിലടച്ചത്. കോടതി ഉത്തരവ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് അവരുടെ അനുയായികള്‍ ആരംഭിച്ച പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുകയാണ്.
ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി) ക്ക് അപ്പീല്‍ നല്‍കാമെങ്കിലും ഡിസംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖാലിദ സിയക്ക് സാധിക്കില്ല. ധാക്ക ജയിലില്‍നിന്ന് ഖാലിദ സിയയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ നഗങ്ങളില്‍ ബി.എന്‍.പി കൂറ്റന്‍ പ്രതിഷേധ റാലി നടത്തിയത്. ഖാലിദയെ ഉടന്‍ വിട്ടയച്ച് നീതിപൂര്‍വകമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കണമെന്ന് ബി.എന്‍.പി സെക്രട്ടറി ജനറല്‍ ഫഖ്‌റുല്‍ ഇസ്‌ലാം ആലംഗീര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. 5000-ലേറെ പേര്‍ തടിച്ചകൂടിയ നാഷണല്‍ പ്രസ് ക്ലബിനു പുറത്താണ് അദ്ദേഹം വാര്‍ത്താ ലേഖകരെ കണ്ടത്.
അപ്പീല്‍ ഫയല്‍ ചെയ്യുന്നതോടെ 72 കാരിയായ ഖാലിദ സിയക്ക് ജാമ്യം ലഭിക്കുമെങ്കിലും ഭരണകക്ഷി അവരെ മറ്റു കുറ്റങ്ങളുടെ പേരില്‍ വീണ്ടും ജയിലിലടക്കുമെന്ന് അനുയായികള്‍ ഭയപ്പെടുന്നു. അഴിമതിക്കും അക്രമത്തിനും ഡസന്‍ കണക്കിനുകേസുകളില്‍ ഖാലിദ സിയയെ പ്രതി ചേര്‍ത്തിട്ടുണ്ട്. 2015 ല്‍ നടന്ന തീവെപ്പ് കേസിലും ഖാലിദയെ ഉള്‍പ്പെടുത്താന്‍ ശ്രമമുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ സൈനുല്‍ ആബിദിന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 4300 പ്രതിപക്ഷ ഭാരവാഹികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബി.എന്‍.പി സെക്രട്ടറി ആലംഗീര്‍ പറഞ്ഞു. ഖാലിദക്കെതിരായ ശിക്ഷാ വിധിക്കു മുന്നോടിയായാണ് പാര്‍ട്ടി ഉപാധ്യക്ഷനും രണ്ട് മുന്‍ മന്ത്രിമാരുമടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
ഒരു കാലത്ത് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ സഖ്യത്തിലുണ്ടായിരുന്ന ഖാലിദ സിയ പിന്നീട് ബദ്ധശ്രതുവായി മാറുകയായിരുന്നു. ശൈഖ് ഹസീന അധികാരത്തില്‍ വീണ്ടും അധികാരത്തിലെത്തിയ 2014 ലെ തെരഞ്ഞെടുപ്പ് ബി.എന്‍.പി ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖാലിദ സിയ തയാറെടുത്തുവരികയായിരുന്നു.
ലണ്ടനില്‍ വിപ്രവാസ ജീവിതം നയിക്കുന്ന മകന്‍ താരിഖ് റഹ്മാനെ ആക്ടിംഗ് പ്രതിപക്ഷ നേതാവായി നിയോഗിച്ചിട്ടുണ്ട്. ഖാലിദക്കെതിരെ ചുമത്തിയ പണാപഹരണ കേസില്‍ താരിഖ് റഹ്മാന്റെ അഭാവത്തില്‍ പത്ത് വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. 2004 ല്‍ ശൈഖ് ഹസീനക്ക് പരിക്കേറ്റ ഗ്രനേഡ് ആക്രമണ കേസില്‍ താരിഖ് റഹ്മാന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കയാണ്. അഴിമതി ആരോപണത്തില്‍ 2007 ല്‍ അറസ്റ്റിലായ ഖാലിദ സിയയും മകനും ഒന്നര വര്‍ഷത്തോളം വിചാരണ തടവുകാരായിരുന്നു.

 

Latest News