ലഖ്‌നൗ- പോലീസ് സ്‌റ്റേഷനില്‍ 22 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കാസ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് കസ്റ്റഡി മരണം. അല്‍താഫ് എന്ന 22കാരന്റെ കസ്റ്റഡി മരണത്തില്‍ വിവിധ പാര്‍ട്ടികള്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കണമെന്നും ഇരയുടെ കുടുംബത്തെ സഹായിക്കണമെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി ആവശ്യപ്പെട്ടു. കസ്റ്റഡി മരണം തടയുന്നതിലും പോലീസിനെ പൊതുജനങ്ങളുടെ രക്ഷകരാക്കുന്നതിലും യു.പി സര്‍ക്കാര്‍ പരാജയമാണെന്നും സ്ഥിതിഗതികള്‍ വളരെ ആശങ്കാജനകമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
യു.പി സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മനുഷ്യാവകാശം എന്ന് പറയാന്‍ എന്തെങ്കിലും ഉത്തര്‍പ്രദേശില്‍ അവശേഷിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു.
ബി.ജെ.പിയുടെ ഭരണത്തിന്‍ കീഴിലുള്ള പോലീസില്‍ ജനവിശ്വാസം വീണ്ടെടുക്കാന്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സമാജ് വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ അനുശോചനം അറിയിച്ച സമാജ് വാദി പാര്‍ട്ടി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ടാണ് അല്‍താഫിനെ ചൊവ്വാഴ്ച കാസ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, ലോക്കപ്പ് വാഷ്‌റൂമില്‍ വെച്ച് ജാക്കറ്റിന്റെ നാട ഉപയോഗിച്ച് അല്‍താഫ് സ്വയം കഴുത്ത് ഞെരിച്ച് മരിക്കകുയായിരുന്നുവെന്നാണ് യു.പി പോലീസ് അവകാശപ്പെടുന്നു. അനാസ്ഥ ആരോപിച്ച് പേരില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.