Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശിലെ ആദ്യ ഹിന്ദു ചീഫ് ജസ്റ്റിസിന് അഴിമതിക്കേസില്‍ 11 വര്‍ഷം ജയില്‍

ധാക്ക- ബംഗ്ലാദേശ് മുന്‍ ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹയെ അഴിമതിക്കേസില്‍ 11 വര്‍ഷം തടവിന് ശിക്ഷിച്ചു. ഹിന്ദു സമുദായത്തില്‍നിന്ന് ആദ്യമായി ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തിയ ജഡ്ജിയാണ് സുരേന്ദ്ര കുമാര്‍.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും അനുഭാവികളും വിശേഷിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റിന് ജഡ്ജിമാരെ പിരിച്ചുവിടാന്‍ കഴിയില്ലെന്ന് 2017ല്‍ വിധിയെഴുതിയപ്പോള്‍ 70 കാരനായ സിന്‍ഹയായിരുന്നു സുപ്രീം കോടതിയുടെ തലവന്‍. അതേ വര്‍ഷം തന്നെ അദ്ദേഹം ബംഗ്ലാദേശ് വിട്ടു. വിധിയെത്തുടര്‍ന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിതനാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സിന്‍ഹ ഇപ്പോള്‍ വടക്കേ അമേരിക്കയിലാണ് താമസം. അദ്ദേഹം അവിടെ അഭയം തേടിയതായും പറയുന്നു. അസാന്നിധ്യത്തിലാണ് ധാക്ക കോടതി ശിക്ഷ വിധിച്ചത്.

ഒരു സ്വകാര്യ ബാങ്കിലെ ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഏകദേശം 4,71,000 ഡോളറിന്റെ കള്ളപ്പണം  വെളുപ്പിച്ച സംഭവത്തിലാണ് സിന്‍ഹ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മുന്‍ ചീഫ് ജസ്റ്റിസിനു പുറമെ കേസില്‍ എട്ട് പേര്‍ കൂടി ശിക്ഷിക്കപ്പെട്ടു.

കള്ളപ്പണം വെളുപ്പിച്ചതിന് സിന്‍ഹയ്ക്ക് ഏഴ് വര്‍ഷവും വിശ്വാസ ലംഘനത്തിന് നാല് വര്‍ഷവുമാണ് പ്രത്യേക ജഡ്ജി ശൈഖ് നസ്മുല്‍ ആലം ശിക്ഷ വിധിച്ചത്.

രാജ്യത്ത് ആരും നിയമത്തിന് അതീതരല്ലെന്ന് ഈ വിധി തെളിയിക്കുന്നുവെന്നും തെറ്റുകള്‍ ചെയ്താല്‍ എല്ലാവരും വിചാരണക്ക്  വിധേയമാകേണ്ടി വരുമെന്നും പ്രോസിക്യൂട്ടര്‍ ഖുര്‍ഷിദ് ആലം ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  

എന്നാല്‍ കേസ് സര്‍ക്കാരിന്റെ പകപോക്കലാണെന്ന് വ്യാപക ആരോപണമുണ്ട്. സര്‍ക്കാരിന് അദ്ദേഹത്തോട് വിദ്വേഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഖ്യാതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും  ധാക്ക സര്‍വകലാശാലയിലെ നിയമ പ്രൊഫസര്‍ ആസിഫ് നസ്‌റുല്‍  ആരോപിച്ചു.

താന്‍ എങ്ങനെ രാജിവെക്കാനും പലായനം ചെയ്യാനും നിര്‍ബന്ധിതനായെന്നും സൈനിക സുരക്ഷാ ഏജന്‍സിയുടെ ഭീഷണിയുണ്ടെന്നും മുസ്ലീം ഭൂരിപക്ഷ രാജ്യത്തെ സുപ്രീം കോടതിയിലെ ആദ്യത്തെ ഹിന്ദു ചീഫ് ജസ്റ്റിസായിരുന്ന സിന്‍ഹ എ ബ്രോക്കണ്‍ ഡ്രീം: റൂള്‍ ഓഫ് ലോ, ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസി' എന്ന തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

 

Latest News