ലഖ്‌നൗ- ഉത്തര്‍ പ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന വനിതാ ജീവനക്കാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതി ഇച്ഛാറാം യാദവ് പിടിയിലായത്. അണ്ടര്‍ സെക്രട്ടറി പദവി വഹിക്കുന്ന ഇച്ഛാറാമിനെതിരെ ഒക്ടോബര്‍ 29ന് കേസെടുത്തിരുന്നെങ്കിലും ഇന്നലെ വരെ പോലീസ് നടപടി എടുത്തിരുന്നില്ല. യുവതിയെ പീഡിപ്പിക്കുന്ന വിവിധ ദൃശ്യങ്ങള്‍ ബുധനാഴ്ച വൈറലായി പ്രചരിച്ചതോടെ ഒടുവില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഈ വിഡിയോകളും പീഡനത്തിനിരയായ 30കാരി ചിത്രീകരിച്ചവയാണ്. ബലപ്രയോഗത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ചിട്ടും പ്രതി യുവതിയെ പീഡിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വഴങ്ങിയില്ലെങ്കില്‍ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വഴങ്ങിയാല്‍ ജോലി സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയും ഇയാള്‍ 2018 മുതല്‍ പീഡിപ്പിച്ചു വരികയാണെന്ന് പരാതിയില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുതരമായ പരാതി ഉണ്ടായിട്ടും എന്തുകൊണ്ട് ഇതുവരെ പ്രതിക്കെതിരെ നടപടി എടുത്തില്ലെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെയാണ് ഇച്ഛറാമിനെ അഴിക്കുള്ളിലാക്കിയ ഫോട്ടോ യുപി പോലീസ് വ്യാഴാഴ്ച രാവിലെ പുറത്തുവിട്ടത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ 2013 മുതല്‍ കംപ്യൂട്ടര്‍ ഓപറേറ്ററായി ജോലി ചെയ്തുവരികയാണ് പരാതിക്കാരി. സെക്ഷന്‍ ഇന്‍ ചാര്‍ജായ ഇച്ഛാറാം തന്നെ 2018 മുതല്‍ മാനഭംഗപ്പെടുത്തി വരികയാണെന്നും പരാതിയില്‍ പറയുന്നു. ലഖ്‌നൗവിലെ ബാപു ഭവനിലെ നാലാം നിലയിലാണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.