ന്യൂദല്‍ഹി- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര തുക മുസ്‌ലിം ആയതിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാവിനു നല്‍കുമെന്ന് കെ.പി രാമനുണ്ണി. ദൈവത്തിന്റെ പുസ്തകം എന്ന കൃതിയാണു പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നിലവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഈ പുസ്തകത്തിന് ഒരു വലിയ രാഷ്ട്രീയ ദൗത്യം കൂടി നിര്‍വഹിക്കാനുണ്ട്. അത് മറ്റു മതങ്ങളെക്കൂടി ബഹുമാനിക്കുക എന്ന യഥാര്‍ഥ ഹൈന്ദവീകത ഉയര്‍ത്തിപ്പിടിക്കുക കൂടി ചെയ്യുന്നു. സാമുദായിക അസ്വസ്ഥതകള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിലെ അവസ്ഥക്കെതിരെ ഈ പുസ്തകം സംസാരിക്കും. ദൈവത്തിന്റെ പുസ്തകത്തില്‍ പ്രവാചകനായ മുഹമ്മദ് നബി കൃഷ്ണനെ ഇക്കാ എന്നും കൃഷ്ണന്‍ തിരിച്ചു മുത്തേ എന്നുമാണ് വിളിക്കുന്നത്. സഹോദരങ്ങള്‍ എന്ന നിലയിലാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പിന്തുടര്‍ച്ചക്കാരോടു കലഹമുണ്ടാക്കാതെ സ്‌നേഹത്തില്‍ കഴിയണമെന്നാണു ഇതില്‍ ചൂണ്ടിക്കാട്ടുന്നത്.
തന്റെ കൃതി ഇത്തരത്തില്‍ ഒരു സന്ദേശം നല്‍കുന്നത് കൊണ്ട് പുരസ്‌കാര തുകയില്‍ നിന്ന് മൂന്നു രൂപ മാത്രം എടുത്ത് ബാക്കി തുക മുഴുവന്‍ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാവിന് കൈമാറുമെന്ന് രാമനുണ്ണി പറഞ്ഞു.
മുസ്‌ലിം ആയതിന്റെ പേരില്‍ ഹിന്ദുക്കളാല്‍ കൊല്ലപ്പെട്ടതാണ് ജുനൈദ്. തന്റെ പുരസ്‌കാര തുക ജുനൈദിന്റെ മാതാവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നാണു രാമനുണ്ണി പറഞ്ഞത്. പശ്ചാത്താപം യഥാര്‍ഥ ഹിന്ദു പാരമ്പര്യത്തിന്റെ മുഖമുദ്രയാണെന്നും താന്‍ ഒരു യഥാര്‍ഥ ഹിന്ദുവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ദല്‍ഹി-മഥുര ട്രെയിന്‍ യാത്രക്കിടെ ജുനൈദ് എന്ന പതിനാറുകാരന്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ചത്. ഒരു സംഘം ആളുകള്‍ മുസ്‌ലിം എന്നും ബീഫ് കഴിക്കുന്നവര്‍ എന്നും ആക്രോശിച്ച് ജുനൈദിനെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു.