ആലപ്പുഴ- ജി സുധാകരനെതിരായ അച്ചടക്ക നടപടിക്ക് ശേഷവും ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ തുടരുന്നു. പുന്നപ്ര ജെ.ബി സ്‌കൂളിന്റെ ഉദ്ഘാടന നോട്ടീസില്‍ നിന്ന് ജി സുധാകരന്റെ പേരുള്‍പ്പെടുന്ന ഭാഗം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചു. ജി സുധാകരന്‍ മന്ത്രിയായിരിക്കെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. എച്ച് സലാം എംഎല്‍എയുടെ ഓഫീസാണ് നോട്ടീസ് അച്ചടിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ സുധാകരന്റെ പേര് ഒഴിവാക്കിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എം.എല്‍.എ പ്രതികരിച്ചത്.
ജി സുധാകരന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് സ്‌കൂള്‍. എന്നാല്‍ പരിപാടിയിലേക്ക് ജി സുധാകരന് ക്ഷണമില്ല. ഉദ്ഘാടനവുമായി ബന്ധപ്പെട്ടിറക്കിയ നോട്ടീസില്‍ സ്‌കൂളിന്റെ ചിത്രവും കൊടുത്തിരുന്നു. എന്നാല്‍ യഥാര്‍ഥ കെട്ടിടത്തിന് മുകളില്‍ പെയിന്റ് ഉപയോഗിച്ച് എഴുതിയ ജി സുധാകരന്‍ എംഎല്‍എ ആസ്തി വികസന ഫണ്ട് 201920 എന്ന ഭാഗം നോട്ടീസിലെ ചിത്രത്തില്‍ നല്‍കിയിട്ടില്ല. ഇത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നീക്കിയതാണെന്നാണ് കരുതുന്നത്.വിവാദത്തെ തുടര്‍ന്ന് പുതിയ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ജി സുധാകരന്റെ പേര് അച്ചടിച്ച കെട്ടിടത്തിന്റെ ചിത്രമാണ് പുതിയ നോട്ടീസില്‍ കൊടുത്തിരിക്കുന്നത്.