Sorry, you need to enable JavaScript to visit this website.

'മരണശേഷം ഈ വാഹനം ഓടിക്കണം'; ആഗ്രഹപ്രകാരം വൃദ്ധനെ ട്രക്കില്‍ സംസ്‌കരിച്ചു

മെക്‌സിക്കോ സിറ്റി- ആഗ്രഹപ്രകാരം മരണശേഷം വൃദ്ധനെ ട്രക്കില്‍ കിടത്തി സംസ്‌കരിച്ചു. മെക്‌സിക്കോയിലെ ബജാ കാലിഫോര്‍ണിയ സൂര്‍ എന്ന സ്ഥലത്താണ് വൃദ്ധന്റെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങള്‍ മൃതദേഹം പിക്ക് അപ്പ് വാനില്‍ അടക്കം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.
ഡോണ്‍ അഡാന്‍ അരാന എന്നയാളുടെ മൃതദേഹമാണ് ട്രക്കില്‍ സംസ്‌കരിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അരാനയുടെ മരണം സംഭവിച്ചത്. മകന്‍ സമ്മാനമായി നല്‍കിയ വാഹനം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ ഇയാള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇതിനിടെ ഈ വാഹനത്തോടുള്ള ഇഷ്ടം ഇയാള്‍ കുടുംബത്തെ അറിയിക്കുകയും ചെയ്തു. മരണശേഷം തന്നെ പിക്ക് അപ്പ് വാനില്‍ കിടത്തി അടക്കം ചെയ്യണമെന്ന് ഇയാള്‍ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.
ചികിത്സയ്ക്കിടെ അരാനയുടെ മരണം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാന്‍ മക്കളും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു. പിക്ക് അപ്പ് വാന്‍ ഇറക്കാന്‍ സാധിക്കുന്ന ആഴത്തിലുള്ള വലിയ കുഴിയെടുത്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് വാഹനം കുഴിയിലേക്ക് ഇറക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്ത പെട്ടി വാഹനത്തില്‍ വെച്ച് സംസാകാരം പൂര്‍ത്തിയാക്കി.
മരണശേഷം വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് അരാന പറഞ്ഞിരുന്നതായും അതിനായി വാഹനത്തിനൊപ്പം തന്നെ സംസ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ബന്ധുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇത്തരത്തില്‍ സംസ്‌കാരം നടത്തിയ അരാനയുടെ കുടുംബത്തിന് പിഴ ചുമത്തുമെന്ന് കമ്മ്യൂണിറ്റി പ്രതിനിധി ഫ്രാന്‍സിസ്‌കോ ടോവര്‍ പറഞ്ഞു. പ്രിയപ്പെട്ടവരുടെ അന്ത്യാഭിലാഷങ്ങള്‍ക്കനുസരിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത് മെക്‌സിക്കോയില്‍ പതിവാണ്.
 

Latest News