ബെര്‍ലിന്‍- ആക്രമണാത്മകമായ നാലാം തരംഗത്തെ തടയാന്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഒരു ലക്ഷം പേര്‍ കൂടി കോവിഡ് ബാധിച്ച് മരിക്കുമെന്ന് ജര്‍മ്മനിയിലെ മുന്‍നിര വൈറോളജിസ്റ്റുകളിലൊരാള്‍ മുന്നറിയിപ്പ് നല്‍കി. കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാമാരി ആരംഭിച്ചതിനുശേഷം ജര്‍മനിയില്‍ ബുധനാഴ്ച ഏറ്റവും ഉയര്‍ന്ന അണുബാധ നിരക്ക് രേഖപ്പെടുത്തി- ഒരു ദിവസം 40,000 കേസുകള്‍.
അടിയന്തരമായി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് വൈറോളജിസ്റ്റ് ക്രിസ്റ്റ്യന്‍ ഡ്രോസ്റ്റണ്‍ പറഞ്ഞു.
ലീപ്സിഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ കോവിഡ് വാര്‍ഡിലെ ഡോക്ടര്‍മാര്‍ നാലാമത്തെ തരംഗം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മോശമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
ജര്‍മ്മനിയിലെ ഏറ്റവും ഉയര്‍ന്ന ഏഴ് ദിവസത്തെ അണുബാധ നിരക്ക് സാക്‌സണി സംസ്ഥാനത്താണ്, 100,000 ആളുകള്‍ക്ക് 459 കേസുകള്‍. ദേശീയ നിരക്ക് 232 ആണ്.
ഏറ്റവും കുറഞ്ഞ വാക്‌സിന്‍ എടുക്കുന്നതും ഇവിടെയാണ്: ഇവിടുത്തെ ജനസംഖ്യയുടെ 57 ശതമാനം മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. 18 പേരുള്ള കോവിഡ് വാര്‍ഡില്‍ നാല് പേര്‍ക്ക് മാത്രമാണ് കുത്തിവെപ്പ് നല്‍കിയത്.