യംഗൂണ്‍- മ്യാന്മറില്‍ കഴിഞ്ഞ മേയ് മുതല്‍ ജയിലിലുള്ള യു.എസ് മാധ്യമ പ്രവര്‍ത്തകനെതിരെ മ്യാന്മര്‍ ജണ്ട രാജ്യദ്രോഹവും ഭീകരവാദവും കുറ്റം ചുമത്തിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
1200 പേരെ കൊലപ്പെടുത്തിയ സൈന്യത്തിന്റെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഡസന്‍കണക്കിന് മാധ്യമ പ്രവര്‍ത്തകരെ ഫെബ്രുവരിയില്‍ അധികാരം പിടിച്ച അട്ടിമറിക്കുശേഷം സൈന്യം അറസ്റ്റ് ചെയ്തിരുന്നു.
സൈന്യത്തിനെതിരെ കലാപത്തിനു പ്രേരിപ്പിച്ചുവെന്നും ഇമിഗ്രേഷന്‍ നിയമം ലംഘിച്ചുവെന്നുമുള്ള ആരോപണങ്ങളില്‍ വിചാരണ നേരിടുന്നതിനിടെയാണ് 37 കാരനായ ഡാന്നി ഫെന്‍സ്റ്റര്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.
പ്രാദേശിക മാധ്യമ സ്ഥാപനമായ ഫ്രോണ്ടിയര്‍ മ്യാന്മറിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഇദ്ദേഹത്തെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് മേയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ഈ മാസം 16-ന് വിചാരണ ആരംഭിക്കാനിരിക്കുന്ന പുതിയ ആരോപണങ്ങളില്‍ ജീവപര്യന്തമാണ് പരമാവധി ശിക്ഷ.