റിയാദ് - സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നും ലോകത്തെ ഏറ്റവും പ്രശസ്തമായ ചരിത്ര, പൈതൃക കേന്ദ്രവുമായ അല്‍ഉലയിലേക്ക് സൗദി സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് വിദേശങ്ങളില്‍ നിന്നും സൗദിയിലെ പ്രധാന നഗരങ്ങളില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുന്നു.
ഈ മാസം 19 മുതല്‍ ദുബായില്‍ നിന്നും കുവൈത്തില്‍ നിന്നും അല്‍ഉലയിലേക്ക് ഡയറക്ട് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അല്‍ഉലയിലേക്ക് ഒരു വിമാന കമ്പനി നടത്തുന്ന ആദ്യ ഡയറക്ട് സര്‍വീസുകളാണിത്. ഇതിനു പുറമെ, റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്നും അല്‍ഉലയിലേക്ക് ഫ്‌ളൈ നാസ് പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
റിയാദിനും അല്‍ഉലക്കുമിടയില്‍ പ്രതിവാരം നാലു സര്‍വീസുകള്‍ വീതവും ദുബായിക്കും അല്‍ഉലക്കുമിടയില്‍ പ്രതിവാരം മൂന്നു സര്‍വീസുകള്‍ വീതവും ജിദ്ദക്കും അല്‍ഉലക്കുമിടയില്‍ ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ വീതവും ദമാമിനും അല്‍ഉലക്കുമിടയില്‍ പ്രതിവാരം മൂന്നു വിമാന സര്‍വീസുകള്‍ വീതവും കുവൈത്തിനും അല്‍ഉലക്കുമിടയില്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ വീതവുമാണ് ഫ്‌ളൈ നാസ് നടത്തുക.
ഫ്‌ളൈ നാസിന്റെ അല്‍ഉലയിലേക്കുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് നവംബര്‍ 19 ന് ദുബായില്‍ നിന്ന് ആരംഭിക്കും. അല്‍ഉലയിലേക്ക് ആദ്യമായി അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനിയെന്ന നേട്ടം സ്വന്തമാക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ഫ്‌ളൈ നാസ് സി.ഇ.ഒ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു. കമ്പനിയുടെ വിപുലീകരണ തന്ത്രത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ സര്‍വീസുകള്‍. അല്‍ഉല റോയല്‍ കമ്മീഷനുമായുള്ള ഫ്‌ളൈ നാസിന്റെ പങ്കാളിത്തം വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ വിശ്വാസമുണ്ട്. മേഖലാ, ആഗോള തലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.
സംസ്‌കാരങ്ങളും ആശയങ്ങളും സമ്മേളിക്കുന്ന വേദിയെന്നോണം അല്‍ഉലയെ അതിന്റെ പഴയ പ്രതാപ കാലഘട്ടത്തിലേക്ക് തിരികെ എത്തിക്കുന്ന ദിശയിലെ സുപ്രധാന ചുവടുവെപ്പാണ് അല്‍ഉലയിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ എന്ന് അല്‍ഉല റോയല്‍ കമ്മീഷനിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് ആന്റ് മാനേജ്‌മെന്റ് മേധാവി ഫിലിപ്പ് ജോണ്‍സ് പറഞ്ഞു. ഫ്‌ളൈ നാസുമായി സഹകരിച്ചുള്ള പുതിയ സര്‍വീസുകളിലൂടെ കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫിലിപ്പ് ജോണ്‍സ് പറഞ്ഞു. അല്‍ഉല അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഫ്‌ളൈ നാസ് തുടക്കമിടുന്ന നവംബര്‍ 19 ന് അല്‍ഉല അല്‍മറായാ ഓഡിറ്റോറിയത്തില്‍ പ്രശസ്ത സിറിയന്‍ ഗായിക ഫായാ യൂനാനിന്റെ സംഗീത വിരുന്നും നടക്കും.