Sorry, you need to enable JavaScript to visit this website.

ദമാം ഇന്ത്യൻ സ്‌കൂൾ ഫീസ് വർധന:  ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ

ദമാം- ദമാം ഇന്ത്യൻ സ്‌കൂളിലെ ഫീസ് വർധനവിൽ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്‌കൂൾ അധികൃതർ പുറത്തിറക്കിയ സർക്കുലർ കൈപ്പറ്റിയതോടെ രക്ഷിതാക്കൾ ഞെട്ടിയിരിക്കുകയാണ്. സ്വദേശിവൽക്കരണവും ബിസിനസ് രംഗത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു തുടങ്ങിയതോടെ ഒരു തിരിച്ചുപോക്കിന് ചിന്തിച്ചു തുടങ്ങിയ പ്രവാസി സമൂഹത്തിനാണ് ഓർക്കാപ്പുറത്തെ ആഘാതം.  
കുടുംബങ്ങളുടെ ലെവിയും തൊഴിലാളികളുടെ ലെവിയുടെ വർധനവും കൂടി വന്നതോടെ ഈ വരും നാളുകളിൽ തിരിച്ചു പോക്ക് നിർബന്ധമായ സാഹചര്യത്തിൽ ഇന്ത്യൻ സ്‌കൂൾ ഫീസ് വർധനവ് സാധാരണ കുടുംബങ്ങളുടെ എല്ലാ കണക്കു കൂട്ടലുകളും അസ്ഥാനത്താക്കി.  കഴിഞ്ഞ നിതാഖാത്തിനു ശേഷം ആശ്രിത വിസയിൽ രാജ്യത്തെ വിവിധ ഇന്റർനാഷണൽ സ്‌കൂളുകളിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകുന്ന അജീർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ആശ്രിത ലെവി കൂടാതെ വർഷത്തിൽ 9600 റിയാൽ അടക്കണമെന്ന ഉത്തരവ് പുറത്തിറങ്ങിയതാണ് ഫീസ് വർധിപിക്കാൻ സ്‌കൂൾ അധികൃതരെ പ്രേരിപ്പിച്ചത്. ഇത് സംബന്ധിച്ച് ദമാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി യോഗം ചേർന്ന് തീരുമാനത്തിലെത്താതെ സൗദിയിലെ ഇന്ത്യൻ സ്‌കൂൾ ഉന്നതാധികാര സമിതിയായ ഹയർ ബോർഡിൽ തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു. തുടർന്ന് ഒരാഴ്ച മുൻപ് ഹയർ ബോർഡ് യോഗം ചേർന്ന് ഇക്കാര്യത്തെ കുറിച്ച് പഠനം നടത്തുന്നതിനും തീരുമാനത്തിലെത്തുന്നതിനും ഒരു സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ഹയർ ബോർഡ് യോഗം ചേരുകയോ സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പൂർണമാവുകയോ ചെയ്യുന്നതിനു മുൻപ് തന്നെ ദമാം ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർധനവ് നടപ്പിലാക്കുന്നു എന്ന സർക്കുലർ വന്നതോടെ ദമാം ഇന്ത്യൻ സ്‌കൂൾ ഭരണസമിതി ഓവർ സ്മാർട്ട് കളിക്കുകയാണെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. ആശ്രിത വിസയിൽ അജീർ പദ്ധതി പ്രകാരം 700 ൽ കൂടുതൽ അധ്യാപകർ ദമാം ഇന്ത്യൻ സ്‌കൂളിൽ ജോലി ചെയ്യുന്നുണ്ട്. 
അധ്യാപകരിൽ നിന്നും ഈടാക്കുകയെന്നത് പ്രായോഗികമല്ല. ഇവർ വളരെ തുഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുമാണ്. അജീർ പദ്ധതി പ്രകാരം ഇവരുടെ ലെവി സ്‌കൂൾ ഏറ്റെടുക്കണമെങ്കിൽ ഭീമമായ തുക നൽകേണ്ടി വരും. ഈ സാഹചര്യം വളരെ ലാഘവത്തോടെ ഭരണസമിതി കാണുന്നു എന്നും രക്ഷിതാക്കൾ പറയുന്നു. ചെലവ് ചുരുക്കി കൂടുതൽ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനു ശ്രമിക്കണം. അതല്ലെങ്കിൽ നീക്കിയിരിപ്പുള്ള നിക്ഷേപങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തി പ്രശ്‌ന പരിഹാരം കണ്ടെത്തണം. ഇതിന് പകരം വിദ്യാർഥികളെ പിഴിയാനുള്ള ഭരണ സമിതിയുടെ തന്ത്രം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും രക്ഷിതാക്കൾ പറയുന്നു.
 വളരെയധികം പ്രയാസകരമായ സാഹചര്യം നിലനിൽക്കുമ്പോഴും ധൂർത്തിനും കെടുകാര്യസ്ഥതക്കും ഒട്ടും കുറവില്ലാതെ ദമാം ഇന്ത്യൻ സ്‌കൂൾ അധികൃതർ ഇന്ത്യൻ സമൂഹത്തിനു മുൻപിൽ പരിഹാസ്യരായി കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം ഭരണ സമിതി  സ്ഥല പരിമിതി പരിഹരിക്കുന്നതിനു പുതിയ ബിൽഡിംഗ് എന്ന പദ്ധതിയുമായി മുന്നോട്ടു പോയിരുന്നു. അതിനായി ഒരു സൗദി പൗരനുമായി കരാറിൽ ഒപ്പ് വെച്ചിരുന്നു. ദീർഘകാല കരാർ അടിസ്ഥാനത്തിൽ റാക്ക ബോയ്‌സ് സ്‌കൂൾ പരിസരത്ത് തന്നെ 7500 ചതുരശ്ര മീറ്റർ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് നൽകാനും 16 മാസത്തിനകം പണി പൂർത്തിയാക്കി നൽകി സ്‌കൂൾ അധികൃതർക്കു കൈമാറാനും കരാർ ഉറപ്പിച്ചുവത്രേ. ഇതിനായി 1.1. മില്യൻ  റിയാൽ ദമാം ഇന്ത്യൻ സ്‌കൂൾ അധികൃതർ മുൻകൂർ ആയി നൽകുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല. മുൻകൂർ പണം നൽകിയതിനു ബാങ്ക് ഗ്യാരന്റി നൽകിയതാവട്ടെ ഏഴു ലക്ഷം റിയാലിന്റെ ചെക്ക്. ബാക്കി നാല് ലക്ഷം കിട്ടാതെ ഇന്ത്യൻ സ്‌കൂൾ അധികൃതർ ഒഴിവാക്കിയതായും അറിയുന്നു. മുൻകൂർ പണം നൽകിയത് ഭരണസമിതി അംഗങ്ങൾ മുഴുവൻ പേരും അറിഞ്ഞു കൊണ്ടായിരുന്നില്ല. ഹയർ ബോർഡിൽ ഇത് ചർച്ചക്ക് വന്നതുമില്ല. ഇപ്പോഴാകട്ടെ ഏഴു ലക്ഷത്തിന്റെ ചെക്കും പണമില്ലാതെ മടങ്ങി എന്നറിയുന്നു. 
ഇതിനു സമാനമായ മറ്റൊരു വിഷയം ആയിരുന്നു സ്‌കൂൾ ഗതാഗത വിഭാഗത്തിൽ മുൻപ് നടന്നത്. മുൻ കാലങ്ങളിൽ കോൺട്രാക്ട് നൽകുന്ന കമ്പനികൾക്ക് മുൻകൂർ പണം നൽകുന്ന പതിവില്ലായിരുന്നു. ഗതാഗത വിഭാഗം കോൺട്രാക്ട്  നൽകിയതിനൊപ്പം മുൻകൂർ പണം നൽകിയിരുന്നു. ഫലത്തിൽ സ്‌കൂൾ പണം ചെലവാക്കി ബസ് വാങ്ങി കോൺട്രാക്ടർക്ക് നൽകി. വേണ്ടത്ര പഠനം ഇല്ലാത്തത് കാരണം ഇപ്പോഴും ഓരോ മാസവും ലക്ഷക്കണക്കിന് റിയാൽ അധിക ബാധ്യതയായി ദമാം ഇന്ത്യൻ സ്‌കൂൾ അധികൃതർ ഗതാഗത വിഭാഗം കോൺട്രാക്ടർക്ക് നൽകുന്നു. 
മറ്റൊരു വരുമാന മാർഗമായ കാന്റീൻ കോൺട്രാക്ട് കഴിഞ്ഞ വര്ഷം നൽകിയത് വഴിയിൽ ഉപേക്ഷിച്ചു നടത്തിപ്പുകാരൻ പിന്മാറി. കോൺട്രാക്ട് പ്രകാരമുള്ള പണം ലഭിച്ചില്ല. അദ്ദേഹത്തിന് മേൽ ഒരു നടപടിക്കും പോയതുമില്ല. പരമാവധി ചെലവ് ചുരുക്കി മുന്നോട്ട് പോകണം എന്ന ഹയർ ബോർഡ് നിർദേശം ഉണ്ടായിട്ടു പോലും പുതിയ തസ്തികകൾ നിർമിക്കുന്നതിനുള്ള ശ്രമങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉയർന്നു വരുന്നു എന്ന പരാതിയും നിലനിൽക്കുന്നുണ്ട്. പെൺകുട്ടികളുടെ സീനിയർ സെക്കന്ററി വിഭാഗത്തിൽ ഒരു എച്ച്.എമ്മിനെ കൂടി നിയമിക്കണമത്രേ. 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ഒരു എച്ച്.എമ്മിനെ കൂടി നിയമിക്കാനുള്ള പദ്ധതിയുമായാണ് മുന്നോട്ടു പോകുന്നത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒരു വൈസ് പ്രിൻസിപ്പൽ നിലവിലുണ്ട്. മികച്ച അധ്യാപനവും പ്രവൃത്തി പരിചയവുമുള്ള അവർക്ക് അധിക ചുമതല നൽകി പ്രശ്‌നം പരിഹരിക്കുന്നതിന് പകരം ചെലവ് കൂട്ടാനുള്ള അധികാരികളുടെ ശ്രമവും രക്ഷിതാക്കൾ ചോദ്യം ചെയ്യുന്നു. 

 

Latest News