ന്യൂദൽഹി- ലഖിംപുർ കൂട്ടക്കൊലപാതക കേസിലെ പ്രതി ആശിഷ് മിശ്രയുടെ തോക്കിൽനിന്ന് വെടിയുതിർന്നതായി ഫൊറൻസിക് റിപ്പോർട്ട്. അതേസമയം, ഇത് കൂട്ടക്കൊല നടന്ന ഒക്ടോബർ മൂന്നിന് തന്നെയാണോ എന്നുറപ്പിക്കാൻ പ്രത്യേക പരിശോധന നടത്തുമെന്നും ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കി. കർഷകരുടെ പ്രതിഷേധത്തിന് നേരെ ആശിഷിന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവത്തിൽ നാലു കർഷകർ കൊല്ലപ്പെട്ടിരുന്നു.
സംഭവം നടന്ന സ്ഥലത്തുനിന്ന് നാലു ബുള്ളറ്റിനുകൽ കണ്ടെടുത്തിരുന്നു. തുടർന്ന് ആശിഷ് മിശ്രയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ റൈഫിളും റിവോൾവറും പിടിച്ചെടുത്തു. ഇതിൽ ഫോറൻസിക് നടത്തിയ പരിശോധനയിലാണ് വെടിയുതിർന്നു എന്ന് കണ്ടെത്തിയത്. പ്രദേശത്ത്‌നിന്ന് കണ്ടെത്തിയ ബുള്ളറ്റിനുകൾ ഈ തോക്കിലുണ്ടായിരുന്നതാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ കൂട്ടക്കൊല നടന്ന ദിവസമാണോ ഇത് ഉപയോഗിച്ചത് എന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലഖിംപുർ കൂട്ടക്കൊല കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇപ്പോഴും ജയിലിലാണ്.