ന്യൂദല്‍ഹി- കേരള വഖഫ് ബോര്‍ഡ് സി.ഇ.ഒ സ്ഥാനത്തുനിന്ന് മുഹമ്മദ് ജമാലിനെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും വഖഫ് ബോര്‍ഡിന്റെയും ആവശ്യത്തില്‍ സുപ്രീം കോടതി സമവായ നിര്‍ദേശം മുന്നോട്ടുവച്ചു. ഈ മാസം അവസാനംവരെ മുഹമ്മദ് ജമാലിനെ തുടരാന്‍ അനുവദിക്കണമെന്നും അതു കഴിഞ്ഞ് സ്വയം ഒഴിയുന്ന അദ്ദേഹത്തിന്, ഒരു വര്‍ഷത്തേക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്നുമുള്ള സമവായ നിര്‍ദേശമാണ് കോടതി മുന്നോട്ടുവച്ചത്.
ഈ നിര്‍ദേശത്തെക്കുറിച്ചുള്ള നിലപാട് നവംബര്‍ 17ന് അറിയിക്കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് സമവായ നിര്‍ദേശം മുന്നോട്ടുവെച്ചത്.
നിലവിലെ ചട്ടങ്ങള്‍ പ്രകാരം 56 വയസ് കഴിഞ്ഞതിനാല്‍ ജമാല്‍ വിരമിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും കേരള വഖഫ് ബോര്‍ഡിന്റെയും നിലപാട്. സി.ഇ.ഒ സ്ഥാനത്ത് തുടരാന്‍ ജമാലിനെ അനുവദിക്കുന്ന സ്റ്റേ ഉത്തരവ് അടിയന്തരമായി നീക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസയുടെ അഭിഭാഷകനും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
2000-ല്‍ എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്താണ് വഖഫ് ബോര്‍ഡിന്റെ സി.ഇ.ഒ ആയി മുഹമ്മദ് ജമാല്‍ നിയമിതനാകുന്നത്. 2020 ലെ സംസ്ഥാന വഖഫ് ഭേദഗതി ചട്ടങ്ങള്‍ പ്രകാരം കേരള വഖഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ വിരമിക്കല്‍ പ്രായം 56 ആണ്. കഴിഞ്ഞ വര്‍ഷം 56 വയസ്സ് കഴിഞ്ഞതിനാല്‍ ജമാലിന് ബോര്‍ഡിന്റെ സി.ഇ.ഒ ആയി തുടരാന്‍ അര്‍ഹതയില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
1995-ലെ വഖഫ് നിയമപ്രകാരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സേവന വേതന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ചട്ടം രൂപവത്കരിക്കാന്‍ സര്‍ക്കാരിനാണ് അധികാരം. വിരമിക്കല്‍ പ്രായം നിശ്ചയിക്കുന്നത് തൊഴില്‍ ദാതാവിന്റെ നയപരമായ അധികാരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ കേരള വഖഫ് ബോര്‍ഡും സുപ്രീം കോടതിയില്‍ പിന്താങ്ങി.
എന്നാല്‍ 58 വയസ്സ് പൂര്‍ത്തിയാക്കുന്നതുവരെ സി.ഇ.ഒ സ്ഥാനത്ത് തുടരാനാകുമെന്ന് മുഹമ്മദ് ജമാലിന്റെ അഭിഭാഷകര്‍ വാദിച്ചു. ഈ മാസം ജമാലിന് 57 വയസ് പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ ആണ് കോടതി സമവായ നിര്‍ദേശം മുന്നോട്ടുവെച്ചത്.