ന്യൂദല്‍ഹി- ചുരുങ്ങിയത് അഞ്ചു വര്‍ഷം വരെയെങ്കിലും ശിക്ഷിക്കപ്പെടാവുന്ന ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായിതെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനാവശ്യമായ നിയമഭേദഗതികള്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിനോട് ആവശ്യട്ടിരിക്കുന്നതെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കോടതി ശിക്ഷിച്ചവരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍നിന്നും അതിന്റെ നേതാക്കളാകുന്നതില്‍നിന്നും തടയണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹരജിയിന്മേലാണ് കമ്മീഷന്റെ സത്യവാങ്മൂലം. ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളും കേസുകളിലെ പ്രതികളും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു അധികാരം നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയത്തിലെ ക്രിമിനലുകളുടെ പ്രശ്‌നം 1998 മുതല്‍ കമ്മീഷന്‍ ഉന്നയിക്കുന്നുണ്ടെന്നും 2004, 2016 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പു പരിഷ്‌ക്കാര നിര്‍ദേശങ്ങളില്‍ എടുത്തു പറയുകയും ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നാണ് കമ്മീഷന്റെ ആവശ്യം.