ഭുവനേശ്വര്‍- വിജിലന്‍സ് റെയ്ഡിനു വന്നപ്പോള്‍ പണം നിറച്ച ബാഗ് അടുത്ത കെട്ടിടത്തിലേക്കെറിഞ്ഞ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഒഡീഷയിലാണ് സംഭവം.
പോലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ പ്രതാപ് കുമാര്‍ സമലാണ് 20 ലക്ഷം രൂപ നിറച്ച ബാഗ് അടുത്ത കെട്ടിടത്തിലേക്ക് എറിഞ്ഞത്.
പരിശോധനക്ക് എത്തയതോടെ പരിഭ്രാന്തനായ ഇയാള്‍ പണം നിറച്ച ബാഗ് അയല്‍ക്കാരന്റെ കെട്ടിടത്തിന്റെ ടെറസിലേക്ക് എറിയുകയായിരുന്നുവെന്ന്
ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെറസില്‍നിന്ന് 20 ലക്ഷം രൂപയും പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 18 ലക്ഷം രൂപയും പിടിച്ചെടുത്തതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭുവനേശ്വറിലെയും ഭദ്രക്കിലെയും 10 വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. പരിശോധനകളില്‍ പ്രതാപ് കുമാര്‍ സമലിന്റേയും ഭാര്യയുടേയും പേരിലുള്ള വേറെയും സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.