Sorry, you need to enable JavaScript to visit this website.

റഫാല്‍ ഇടപാടില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകി

ന്യൂദല്‍ഹി- റഫാല്‍ ഇടപാടില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ പോരു മുറുകി.  ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്.

തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ചോദിച്ചു. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്റെ കൈയിലെത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം.
റഫാല്‍ കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട്. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്റര്‍സ്‌റ്റെല്ലാര്‍ എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ദസോ പണം നല്‍കിയത്. 2007 - 2012 കാലത്താണ് ഈ പണം ഇന്റര്‍സ്‌റ്റെല്ലാറിന് ലഭിച്ചത്. സുഷേന്‍ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബര്‍ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ് ഇക്കാര്യവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയെതന്നും റിപ്പോര്‍ട്ടിലുണ്ട്.
ഐടി കരാറുകള്‍ക്കായാണ് പണം നല്‍കുന്നതെന്ന്  കാണിച്ച് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയാണ് പണം കൈമാറിയത്. പല ബില്ലുകളിലും ദസോ ഏവിയേഷന്റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയതെന്നും മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

അതേസമയം, യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കരാറിന്റെ ഇടനിലക്കാരന്‍ കൈക്കൂലി വാങ്ങിയതെന്നും ഇടനിലക്കാരന്റെ പേരും പുറത്തുവന്നിരിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. 2004 -2013 കാലത്ത് 14 മില്യണ്‍ യൂറോ ദസോ റഫാല്‍ കരാറിനായി സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നും കൈക്കൂലി വാങ്ങിയ യുപിഎ സര്‍ക്കാരിന് കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതാണോയെന്നും ബി.ജെ.പി ചോദിച്ചു.
ഐ.എന്‍.സി എന്നാല്‍ ഐ നീഡ് കമ്മീഷന്‍ എന്നാണെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പരിഹസിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വദ്രയും പറയുന്നു ഐ നീഡ് കമ്മീഷന്‍ എന്ന്- സംബിത് പത്ര പറഞ്ഞു. റഫാല്‍ ഇടപാട് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇത്രയും കാലം എന്തിനാണ് കളവ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
എല്ലാം മൂടിവെക്കുന്ന ബി.ജെ.പിയുടെ ഓപറേഷന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലെന്ന്  കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. മോഡി സര്‍ക്കാരും സി.ബി.ഐയും ഇ.ഡിയും റഫാല്‍ അഴിമതി കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണെന്ന് ഇരുവരും കുറ്റപ്പെടുത്തി.

 

Latest News