Sorry, you need to enable JavaScript to visit this website.

വിമാനങ്ങള്‍ നേര്‍ക്കുനേര്‍: 261 യാത്രക്കാരെ  രക്ഷിച്ചത് എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റ് 

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ, വിസ്താര വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ വന്‍ ദുരന്തം ഒഴിവാക്കിയത് എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റായ ക്യാപ്റ്റന്‍ അനുപമ കോഹ്ലിയുടെ അവസരോചിത ഇടപെടല്‍. ദുരന്തസമാന സാഹചര്യത്തെ മനസ്സാന്നിധ്യത്തോടെ കൈകാര്യം ചെയ്ത അനുപമയെ എയര്‍ ഇന്ത്യ അഭിനന്ദിച്ചു. സംഭവം നടന്ന സമയത്ത് വിസ്താര വിമാനം നിയന്ത്രിച്ചിരുന്നതും വനിതാ സഹ പൈലറ്റായിരുന്നു. 

അതിനിടെ, വിമാനങ്ങള്‍ അടുത്തുവന്ന അപകട സാഹചര്യത്തിനിടയാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ സസ്പെന്‍ഡ് ചെയ്തു. രണ്ടു വിമാനങ്ങളിലെ പൈലറ്റുമാരുമായും നടത്തിയ ആശയവിനിമയത്തില്‍ ആശയക്കുഴപ്പമുണ്ടായതാണ് സംഭവത്തിനിടയാക്കിയത്. മുംബൈയില്‍നിന്ന് ഭോപ്പാലിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനവും ദല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പറക്കുകയായിരുന്ന വിസ്താര വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. വിസ്താര വിമാനം നിശ്ചിത ഉയരമായ 29,000 അടിയില്‍നിന്ന് 27100 അടിയിലേക്ക് താഴ്ത്തിയതാണ് അപകടസാഹചര്യത്തിനിടയാക്കിയത്്. ഇത് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്നു എയര്‍ ഇന്ത്യ വിമാനവുമായി അടുക്കാനിടയാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളറും വിസ്താര പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തില്‍ ആശയക്കുഴപ്പമുണ്ടായതാകാം കാരണം. ഈ സമയത്ത് വിസ്താര വിമാനം നിയന്ത്രിച്ചിരുന്നത് വനിതാ സഹ പൈലറ്റായിരുന്നു. ക്യാപ്റ്റന്‍ ഈ സമയത്ത് ടോയ്ലെറ്റ് ബ്രേക്ക് എടുത്തതായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിലെ കമാന്‍ഡറും വനിത പൈലറ്റ് ആയതാവാം ഈ ആശയക്കുഴപ്പത്തിനിടയാക്കിയത്. എയര്‍ ഇന്ത്യ പൈലറ്റിനുള്ള നിര്‍ദേശം തെറ്റി വിസ്താര പൈലറ്റിനു ലഭിച്ചതാകാനും സാധ്യതയുണ്ട്. ഇതും പരിശോധിക്കപ്പെടും-ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ഈ ആശയക്കുഴപ്പങ്ങള്‍ക്കിടെ മനസ്സാന്നിധ്യത്തോടെ വിമാനത്തെ നിയന്ത്രിച്ചാണ് എയര്‍ ഇന്ത്യയുടെ സീനിയര്‍ കമാന്‍ഡര്‍ ആയ ക്യാപറ്റന്‍ അനുപമ കോഹ്ലി രണ്ടു വിമാനങ്ങളിലുമായുണ്ടായിരുന്ന 261 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. എതിര്‍ദിശയില്‍നിന്ന് വിസ്താര വിമാനം അടുത്തുവരുന്നത് ക്യാപ്റ്റന്‍ അനുപമയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ എങ്ങനെ ഈ ഉയരത്തില്‍ എത്തിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രാളര്‍ വിസ്താര പൈലറ്റിനോട് ചോദിക്കുന്നതും അനുപമ കേട്ടു. താങ്കള്‍ പറഞ്ഞതു കൊണ്ടാണ് ഈ ഉയരത്തിലേക്ക് താഴ്ത്തിയതെന്ന് വിസ്താരയിലെ വനിതാ പൈലറ്റ് പറയുന്നതും അനുപമ കേട്ടിരുന്നു. ഇടതു വശത്തുനിന്ന് വിസ്താര പറന്നടുക്കുന്നതാണ് ഇവര്‍ കണ്ടത്. കോക്പിറ്റിലെ റെഡ് അലാം മുഴങ്ങിയതോടെ വിസ്താര പരിധിവിട്ട് അടുക്കുന്നതായി മനസ്സിലാക്കി. തൊട്ടുപിറകെ പറന്നുയരണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര സന്ദേശവുമെത്തി. ഉടന്‍ തന്നെ ക്യാപ്റ്റന്‍ അനുപമ വിമാനം വീണ്ടും ഉയര്‍ത്തി വിസ്താര വിമാനത്തിന് സുരക്ഷിതമായി കടന്നു പോകാനുള്ള വഴിയൊരുക്കുകയായിരുന്നു. 

വിസ്താര വിമാനം നിയന്ത്രിച്ചിരുന്ന വനിതാ കോ പൈലറ്റിനു പുറമെ കോക്പിറ്റിലുണ്ടായിരുന്നത് ഒരു എയര്‍ ഹോസ്റ്റസായിരുന്നു. വിമാനം പറക്കുമ്പോള്‍ കോക്പിറ്റില്‍ രണ്ടും പേര്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പൈലറ്റ് ടോയ്ലെറ്റില്‍ പോയ സമയം ചട്ടം പാലിക്കാനാണ് എയര്‍ഹോസ്റ്റസിനെ കോക്പിറ്റിലിരുത്തിയത്.

Latest News