കാബൂള്‍- പുറത്ത് അരിച്ചുകയറുന്ന തണുപ്പ്, അകത്ത് അസഹനീയമായ വിശപ്പ്. കാബൂള്‍ തെരുവുകളില്‍ അഫ്ഗാനികള്‍ പേടിച്ചിരിക്കുന്നു, വരാന്‍ പോകുന്ന ആസുരകാലത്തെയോര്‍ത്ത്.
കാലാവസ്ഥ ശരത്കാലത്തിന്റെ തുടക്കത്തിലെ ചൂടില്‍ നിന്ന് മൂര്‍ച്ചയുള്ള തണുപ്പിലേക്ക് മാറുന്നു. നിരവധി പ്രദേശങ്ങളില്‍നിന്ന് വരള്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തിന്റെ വ്യാപ്തി കൂടി വരികയാണ്.
കാബൂളില്‍ നിന്ന് 50 മൈല്‍ പടിഞ്ഞാറ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഔദ്യോഗിക വിതരണ കേന്ദ്രത്തില്‍ മാവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒത്തുകൂടിയത് നൂറുകണക്കിന് ആളുകളാണ്.
താലിബാന്‍ പട്ടാളക്കാര്‍ ജനക്കൂട്ടത്തെ അച്ചടക്കത്തോടെ നിര്‍ത്തി. എന്നാല്‍ ഭക്ഷണത്തിന് അര്‍ഹതയില്ലെന്ന് പറഞ്ഞ് ചിലരെ മടക്കിയപ്പോള്‍ ആളുകള്‍ ദേഷ്യപ്പെടുകയും ഭയക്കുകയും ചെയ്തു.
'ശീതകാലം അടുത്തിരിക്കുന്നു' ഒരു വൃദ്ധന്‍ പറഞ്ഞു. 'എനിക്ക് റൊട്ടി ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ എങ്ങനെ കാലം കടന്നുപോകുമെന്ന് അറിയില്ല.'
22 ദശലക്ഷത്തിലധികം ആളുകളെ സഹായിക്കുന്നതിന് അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി സാധനങ്ങള്‍ എത്തിക്കേണ്ട സാഹചര്യമാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം അഭിമുഖീകരിക്കുന്നത്.