കൊച്ചി- മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുള്‍ റഹ്്മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് മൂന്ന് പേരുടെ മരണത്തിന് കാരണമായതില്‍ ഐ.പി.സി 304-ാം വകുപ്പ് പ്രകാരമാണ് കേസ്.
വൈദ്യ പരിശോധനയില്‍ റഹ്്മാന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ തിങ്കളാഴ്ച വൈകിട്ടാണ് ആശുപത്രി വിട്ടത്. ആശുപത്രിയില്‍ വെച്ച് തന്നെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിന് ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളി ഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ കാറില്‍ കൂടെയുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍(25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശ്ശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്(24) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മറ്റൊരു യാത്രക്കാരനായ തൃശ്ശൂര്‍ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ്(25) ഞായറാഴ്ച രാത്രിയും മരിച്ചിരുന്നു.
ആഷിഖിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ആഷിഖിന് ഖത്തറില്‍ ജോലി ലഭിച്ചിരുന്നു. ഇതിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ഒക്ടോബര്‍ 31-ന് രാത്രി നാലു പേരും ഒത്തുകൂടി. പാര്‍ട്ടി കഴിഞ്ഞ് അന്‍ജനയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.