റിയാദ് - മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഫണ്ടുകളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ വിദേശികള്‍ക്ക് അനുമതി. മക്ക, മദീന നഗരങ്ങളുടെ പരിധിയില്‍ ഭാഗികമായോ പൂര്‍ണമായോ ആസ്തികള്‍ നിക്ഷേപിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളില്‍ നിക്ഷേപങ്ങള്‍ നടത്താനാണ് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റി അതോറിറ്റി വിദേശികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
വിദേശികളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഷെയര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍ക്കാണ് റെഗുലേറ്ററി അതോറിറ്റിയായ സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.
മക്ക, മദീന നഗരങ്ങളുടെ പരിധിയിലുള്ള റിയല്‍ എസ്റ്റേറ്റുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന ഫണ്ടുകള്‍ കൈകാര്യം ചെയ്യുമ്പോഴും ഫണ്ടുകള്‍ ലിക്വിഡേറ്റ് ചെയ്യുമ്പോഴും വിദേശികള്‍ റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തമാക്കുന്നതും ഇവയില്‍ നിക്ഷേപിക്കുന്നതുമായും ബന്ധപ്പെട്ട നിയമം ഷെയര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്.
സൗദി ഓഹരി വിപണിയെ പ്രാദേശിക, വിദേശ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമാക്കി മാറ്റാനും സാമ്പത്തിക വളര്‍ച്ചയിലും വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിലും പ്രധാന പങ്ക് വഹിക്കാന്‍ പ്രാപ്തമാക്കി മാറ്റാനും ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ ശക്തിപ്പെടുത്താനും വൈവിധ്യമാര്‍ന്ന ധനസഹായ ചാനലായി ഓഹരി വിപണിയെ ആശ്രയിക്കാനും പുതിയ തീരുമാനം സഹായിക്കുമെന്ന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പറഞ്ഞു.
ഫിനാന്‍സ് ഉപകരണമെന്നോണം നിക്ഷേപ ഫണ്ടുകളുടെ പങ്ക് സജീവമാക്കാന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പ്രവര്‍ത്തിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ് മേഖല, ചെറുകിട, ഇടത്തരം മേഖല, റീ ഫിനാന്‍സിംഗ് പോലുള്ള നിരവധി സുപ്രധാന മേഖലകളില്‍ പണം മുടക്കുന്നതില്‍ നിക്ഷേപ ഫണ്ടുകള്‍ പങ്കാളിത്തം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പറഞ്ഞു.
സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട് നിക്ഷേപങ്ങള്‍ നടത്താനും താമസ, വ്യവസായ, വാണിജ്യ ആവശ്യങ്ങളോടെ റിയല്‍ കെട്ടിടങ്ങളും സ്ഥലങ്ങളും സ്വന്തമാക്കാനും വിദേശ നിക്ഷേപകര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് മക്ക, മദീന നഗരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മക്കയിലും മദീനയിലും കൂടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പരോക്ഷമായി നിക്ഷേപങ്ങള്‍ നടത്താന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്ന തീരുമാനമാണ് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.