പയ്യന്നൂർ- നിർമാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ-അമൃത ദമ്പതിമാരുടെ ഏകമകൾ സാൻവിയ(നാല്)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീണ നിലയിലാണ് സാൻവിയയെ കണ്ടെത്തിയത്. നിർമാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ടാങ്കിന് മുകളിൽ സ്ലാബിട്ടിരുന്നില്ല.
കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കിൽ വീണു കിടക്കുന്നനിലയിൽ കണ്ടെത്തിയത്. ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.