സാജു കൊടിയൻ, പ്രയാഗ മാർട്ടിൻ, സംയുക്ത മേനോൻ,
ദുൽഖർ സൽമാൻ
1984ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് എൻ.എച്ച് 47. കൊച്ചിയിൽ നിന്ന് ആലപ്പുഴ വഴി കന്യാകുമാരിയിലേക്ക് പോകുന്ന റോഡിന്റെ പേരായിരുന്നു സിനിമയ്ക്ക്. സുകുമാരൻ ചാക്കോ ആയും ടി.ജി രവി കുറുപ്പായും വേഷമിട്ട ചിത്രം ബോക്‌സ് ഓഫീസ് വിജയമായിരുന്നില്ല. 36 വർഷങ്ങൾക്ക് മുമ്പ് 1984 ജനുവരി 22നായിരുന്നു ചാക്കോയെ വധിച്ചത്. ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ സുകുമാരക്കുറുപ്പും കൂട്ടാളികളും യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇൻഷുറൻസ് തുക തട്ടുന്നതിനു ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ വെച്ച് കത്തിക്കുകയായിരുന്നു സുകുമാര കുറുപ്പെന്നാണ് കേസ്. കൊലപാതകത്തിൽ സുകുമാര കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പിന്നീട് പോലീസ് പിടികൂടുകയും ഇവരെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. എട്ട് ലക്ഷം രൂപയുടെ ഇൻഷൂറൻസ് തുക തട്ടാൻ തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെ കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ കുറുപ്പ് ഇന്നും കാണാമറയത്താണ്. അന്ന് ഒളിവിൽ പോയ സുകുമാരക്കുറുപ്പിനെ പോലീസിന് പിടികൂടാനായിരുന്നില്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പ് പുതിയ ഒരു വാരികയുടെ (ഇപ്പോഴില്ല) കവർസ്‌റ്റോറി സുകുമാരക്കുറുപ്പ് സൗദിയിലെന്നാണ്. ലേഖകന്റെ ഭാവനയനുസരിച്ച് ലൊക്കേഷനും ജോലിയുമെല്ലാം വിവരിക്കുന്ന റിപ്പോർട്ടായിരുന്നു അത്. അപ്പോഴതാ ദുൽഖർ സൽമാൻ നായകനാകുന്ന 'കുറുപ്പ്' എന്ന ചിത്രം വരുന്നു. ഈ മാസം 12നാണ് റിലീസ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതിൽ ചാക്കോയായി വേഷമിടുന്നത് ടോവിനോയാണ്. ദുൽഖർ സൽമാൻ തന്നെയാണ് നിർമാണം.
ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ സുകുമാരക്കുറുപ്പിന്റെ പേര് വീണ്ടും ചർച്ചയാവുകയാണ്, ഒപ്പം ചാക്കോയെന്ന ഫിലിം റപ്രസന്റേറ്റീവും. ചാക്കോ വധക്കേസിലെ പ്രധാന പ്രതിയായ കുറുപ്പിന്റെ ജീവിതം സിനിമയാകുമ്പോൾ അതിനെതിരെ ചാക്കോയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
ഇടയ്ക്ക് കുറുപ്പിനെ ഒരു പോലീസ് സ്‌റ്റേഷനിൽ കണ്ടതായി പോലീസുകാർ പറഞ്ഞതായി വാർത്ത കണ്ടിരുന്നു. അയാൾക്ക് ആറുമാസത്തെ ആയുസ് മാത്രമേ ഉള്ളൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത് എന്ന തരത്തിലായിരുന്നു മുമ്പത്തെ റിപ്പോർട്ടുകൾ.
ദുൽഖർ സൽമാനെ നായകനാക്കി കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോൾ വളരെയധികം ടെൻഷൻ ഉണ്ടായിരുന്നുവെന്ന് ചാക്കോയുടെ മകൻ ജിതിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് ആരാധിക്കുന്ന ദുൽഖർ സൽമാനാണ് ആ വേഷം ചെയ്യുന്നതെന്നുകൂടി അറിഞ്ഞപ്പോൾ ദേഷ്യവും സങ്കടവും വർധിച്ചു. പിന്നാലെ ടീസർ വന്നപ്പോൾ ഇത് കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോഴാണ് കുറുപ്പിന്റെ അണിയറ പ്രവർത്തകർ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവർ പറഞ്ഞു. ഞങ്ങളെ അത് ബോധ്യപ്പെടുത്തുന്നതിനായി സിനിമ കാണിക്കാം എന്ന് അവർ ഉറപ്പു നൽകി. അങ്ങനെ ഞങ്ങൾ എറണാകുളത്ത് പോയി സിനിമ കണ്ടു. സിനിമ കണ്ടുകഴിഞ്ഞപ്പോൾ മുമ്പ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. സിനിമ കണ്ടുകഴിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി'- കുറുപ്പ് എന്ന ചിത്രം കണ്ട ശേഷം ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ചാക്കോയുടെ മകൻ ജിതിനും ചാക്കോയുടെ ഭാര്യ ശാന്തമ്മയും. ചിത്രത്തെപ്പറ്റി ഇപ്പോൾ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ സിനിമയിൽ ഉണ്ടെന്നുമാണ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിതിൻ പറയുന്നത്. ചിത്രം എല്ലാവരും കാണണമെന്നും ജിതിൻ പറയുന്നു. കോടികളും ഒടിടിയും അരങ്ങ് തകർക്കുന്ന ഇക്കാലത്ത് കുറുപ്പിന് ഇതിലും വലിയ പ്രൊമോഷൻ കിട്ടാനില്ല.
*** *** ***
വ്യാജ വാർത്ത ആരോപണമുന്നയിച്ച് റിപ്പോർട്ടർ ടി.വിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നോട്ടീസയച്ചു. അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം തന്നെ മാത്രമല്ല, നാടിനെ മുഴുവനും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പല തവണ പാർട്ടിപ്രവർത്തകരും സ്‌നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം.വി. രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്. സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചുപ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം.വി.ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം.വി.ആറിന്റെ മകനോടുള്ള സ്‌നേഹം കൊണ്ടുതന്നെയാണ്- സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവരണ് പൊതുപ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞുവെച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
*** *** ***
മിമിക്രി ലോകത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തി അവിടെയും മികവുറ്റ പ്രകടനം കാഴ്ചവെച്ച താരമാണ് സാജു കൊടിയൻ. സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീനിലും നിറസാന്നിധ്യമായിരുന്ന സാജുവിന്റെ വിശേഷങ്ങൾ വളരെ കുറച്ചേ പുറത്ത് വന്നിട്ടുള്ളു. താരത്തിന്റെ കുടുംബത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്. അമൃത ടിവിയിൽ എം.ജി ശ്രീകുമാർ സാജു കൊടിയനെ ഇന്റർവ്യൂ ചെയ്തത് രസകരമായി. എം.ജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണിത.് തുടക്കത്തിൽ ശ്രീകുമാർ സ്‌കോർ ചെയ്തു. എല്ലാ കാലത്തും പഴയ വാജ്‌പേയിയൊക്കെയായാൽ മതിയോ? സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പ്രണയിച്ചപ്പോൾ അയൽക്കാരിയുടെ വീട്ടിന് ചുറ്റും റോന്ത് ചുറ്റുകയായിരുന്നു അല്ലേ എന്നൊക്കെയായിരുന്നു സാജുവിനെ ഇരുത്താനുള്ള പ്രയോഗങ്ങൾ. അവസാനം ഒറ്റ ഓട്ടംതുള്ളലിൽ ശ്രീകുമാറിന്റെ കഥ കഴിച്ചു. മോൻസൺ മാവുങ്കലിന്റെ വാച്ച് ഗിഫ്റ്റായിരുന്നു പ്രതിപാദിച്ചത്. നായേടെ വാല് വളഞ്ഞേ ഇരിക്കൂവെന്നത് കൂടിയായപ്പോൾ കൊടുമുടിയിലെത്തി. ഭാര്യയായ മിനിയെ ആദ്യമായി പൊതുപരിപാടിയിൽ കൊണ്ട് വന്നിരിക്കുകയാണ് താരം. മുത്താരംകുന്ന് പി ഒ എന്ന സിനിമയിലെ ചോദ്യങ്ങളാണ് ഇത്തവണ താരദമ്പതിമാരോട് ചോദിച്ചത്. എം.ജിയുടെ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ സാജുവിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളും വന്നിരുന്നു. കേവലം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രണയിച്ച് ഒടുവിൽ ഒളിച്ചോടി വിവാഹം കഴിച്ചതാണ് മിനിയെ എന്ന് തുടങ്ങിയ കഥകളെല്ലാം താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യമായിട്ടാണ് സാജുവിന്റെ ഭാര്യ മിനി ഒരു പരിപാടിയിൽ എത്തുന്നത്. അതിന് താൻ നന്ദി പറയുകയാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് എം.ജി ശ്രീകുമാർ സംസാരിച്ച് തുടങ്ങിയത്.
*** *** ***
രണ്ടു വയസുള്ളപ്പോൾ അഛൻ നീന്തി പഠിക്കാൻ മൂവ്വാറ്റുപുഴയാറിൽ കൊണ്ടിടുന്ന താരം പ്രയാഗ മാർട്ടിനെ ഓർമയില്ലേ. ഇക്കുറി ദ ക്യു അഭിമുഖത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കുറച്ചു കൂടി സീരിയസായ കാര്യങ്ങളാണ് പറഞ്ഞത്. മലയാളി പെൺകുട്ടികൾക്കെന്താ ഗ്ലാമറസായി കൂടെ? ഇതൊന്നും പാടില്ലെന്ന സറ്റുപ്പിഡിറ്റി ആരുടേതാണ്. അമല പോൾ, സംയുക്ത മേനോൻ തുടങ്ങിയ താരങ്ങളെ പിന്തുടരുകയുമാവാം..