ലഖ്നൗ- ഇന്ത്യ-പാകിസ്ഥാന്‍ ടി20 ലോകകപ്പ് മത്സരത്തില്‍ ഭാര്യ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചെന്ന് പരാതിയുമായി ഭര്‍ത്താവ്. ഇഷാന്‍ മിയാന്‍ എന്ന യുവാവാണ് ഭാര്യ റബിയ ഷംസിയ്ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം.
എന്നാല്‍ ഇഷാന്റെ പരാതിയില്‍ പോലീസ് ഇയാളുടെ ഭാര്യക്കെതിരെ കേസെടുക്കാന്‍ മടിച്ചു. തുടര്‍ന്ന് ഇഷാന്‍ പോലീസ് സൂപ്രണ്ടിനെ കണ്ട് പരാതി നല്‍കിയ ശേഷമാണ് റബിയയ്ക്കെതിരെ കേസെടുത്തത്. എന്നാല്‍ രാജ്യദ്രോഹ കുറ്റത്തിന് റബിയയ്ക്കെതിരെ കേസെടുത്തില്ല.
നാല് മാസം മുന്‍പാണ് റബിയയെ ഇഷാന്‍ വിവാഹം ചെയ്തത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് റബിയ തിരികെ വീട്ടിലേക്ക് പോയി. ഇഷാന്റെ പരാതിയില്‍ റബിയയുടെ മൊഴിയെടുത്ത ശേഷം ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ ഫോണ്‍ സഹോദരപുത്രന്‍ ഉപയോഗിച്ചതാണെന്നും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതിനെക്കുറിച്ച് അറിവില്ലെന്നും റബിയ പോലീസിന് മൊഴി നല്‍കി.
മുമ്പ് ഭര്‍ത്താവ് ഇഷാന്‍ മിയാനെതിരെ ഗാര്‍ഹിക പീഡനത്തിന് റബിയ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് റബിയക്കെതിരെ രാജ്യദ്രോഹ കേസിന് പരാതിപ്പെട്ടതെന്ന് ഇവര്‍ വാദിക്കുന്നു. നിലവില്‍ അച്ഛനമ്മമാര്‍ക്കൊപ്പമാണ് റബിയ താമസിക്കുന്നത്. ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ അസഭ്യം എഴുതിയതിനും പാക് വിജയം ആഘോഷിച്ചതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഇപ്പോള്‍ റബിയയെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് അറിയിച്ചു.