അഗര്‍ത്തല- ത്രിപുരയില്‍ മുസ്ലിം പളളികള്‍ ആക്രമിക്കപ്പെട്ടതിനു പിന്നലെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ചവരെ തേടി പോലീസ്. ജനക്കൂട്ടം പള്ളികള്‍ അക്രമിച്ചതിനു പിന്നാലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് നൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് പോലീസ് നടപടി തുടങ്ങിയത്.
ഹിന്ദുത്വ വലതുപക്ഷ സംഘടനകള്‍ നടത്തിയ റാലികളെ തുടര്‍ന്നാണ് ത്രിപുരയില്‍ കഴിഞ്ഞ മാസം പള്ളികള്‍ ആക്രമിക്കപ്പെട്ടത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരെ ആക്രമണം നടന്നുവെന്നാരോപിച്ചായിരുന്നു സംസ്ഥാനത്തെ പ്രതിഷേധം.
നാല് പള്ളികള്‍ തകര്‍ക്കുകയും നിരവധി മുസ്്‌ലിം വീടുകള്‍ക്കും കടകള്‍ക്കും തീയിടുകയും ചെയ്തിരുന്നു. പരക്കെ കൊള്ളയും നടന്നു.
സംഭവങ്ങള്‍ക്കുശേഷ അക്രമം വ്യപിപ്പാക്കന്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയെന്നാണ് പോലീസ് ആരോപിക്കുന്നത്. ത്രിപുരയുമായി ബന്ധമില്ലാത്ത ഫോട്ടോകളും വീഡിയോകളും വരെ പ്രചരിപ്പിച്ചുവെന്ന് സംസ്ഥാനത്തെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. ഇത്തരത്തില്‍ വാര്‍ത്തകള്‍ കെട്ടിച്ചമച്ചവരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരും.
വിവിധ മതസമുദായങ്ങള്‍ക്കിടയില്‍ ശത്രതയും അക്രമവും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നല്‍കിയ 102 പോസ്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയോട് ആവശ്യപ്പെട്ടതായും പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഹിന്ദുത്വവാദികള്‍ വ്യാപകമായി അക്രമം നടത്തിയിട്ടും ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ മുറിവുണക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന് വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകരുടെ സംഘം കുറ്റപ്പെടുത്തിയിരുന്നു.