തിരുവനന്തപുരം- മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. തെളിവുകളുണ്ടെന്നും സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും സുധാകരന്‍ പറഞ്ഞു. മരം മുറിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞ് കൈക്കൊണ്ടതാണ്.
വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് നാടിന് മനസ്സിലാവും. സര്‍ക്കാര്‍ അറിയാതെയാണ് മരംമുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്‌ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്കില്ല. തമിഴ്‌നാടിന്റെ താല്‍പര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് നേരത്തെ വനം മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥതലത്തിലെടുത്ത തീരുമാനമാണെന്നും ഇക്കാര്യത്തില്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.