ന്യൂദല്‍ഹി- ഹരിയാനയില്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനെ കര്‍ഷകര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കൊലവിളി പ്രസംഗവുമായി ബി.ജെ.പി എം.പി ഡോ. അരവിന്ദ് ശര്‍മ്മ. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവറിനെ തടഞ്ഞുവെക്കുന്നവരെ കായികമായി നേരിടുമെന്നാണ് എം.പിയുടെ ഭീഷണി. മനീഷ് ഗ്രോവറിനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നും കണ്ണുകള്‍ ചുഴ്ന്ന് എടുക്കുമെന്നുമാണ് ഭീഷണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കേള്‍ക്കാനാണ് താനിക്കാര്യം പറയുന്നതെന്നുമായിരുന്നു ഒരു പൊതു പരിപാടിയില്‍ എം.പിയുടെ പ്രസംഗം. പ്രസംഗം വിവാദമായതോടെ പ്രതിഷേധവുമായി കര്‍ഷക നേതാക്കളടക്കം രംഗത്തെത്തി.
ഒരു ഇടവേളക്ക് ശേഷമാണ് ഹരിയാനയില്‍ കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധമുയര്‍ന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ ആദി ശങ്കരാചാര്യരുടെ പ്രതിമ അനാഛ്ചാദനം ചെയ്ത പ്രധാനമന്ത്രിയുടെ പരിപാടി ലൈവായി കാണാനെത്തിയ ബി.ജെ.പി നേതാക്കളെയാണ് കര്‍ഷകര്‍ തടഞ്ഞുവെച്ചത്. ക്ഷേത്രത്തില്‍ എത്തിയ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ എട്ട് മണിക്കൂറോളം കര്‍ഷകര്‍ തടഞ്ഞുവെക്കുകയായിരുന്നു. കര്‍ഷകസമരം നടത്തുന്നത് തൊഴില്‍ ഇല്ലാത്ത മദ്യപന്മാരാണെന്ന ബി.ജെ.പി രാജ്യസഭ എം.പി രാമചന്ദ്ര ജന്‍ഗറുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം.