ചെന്നൈ- രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ച തമിഴ്‌നടൻ രജനീകാന്ത് കാവിനിറം അണിയില്ലെന്നാണു പ്രതീക്ഷയെന്ന് തമിഴ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കാനൊരുങ്ങുന്ന നടൻ കമൽ ഹാസൻ. രജനിയുമായി ഒരു കൂട്ടുകെട്ടിന് ഇപ്പോൾ സാധ്യതയില്ലെന്നും യു.എസിലെ ഹാവാഡ് സർവകലാശാലയിലെ പ്രസംഗത്തിനിടെ കമൽ പറഞ്ഞു. 'ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം തന്നെ വന്നത് പ്രത്യേക നിറത്തിലാണ്. അത് കാവിയാകില്ലെന്ന് പ്രതീക്ഷിക്കാം,' കമൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് രംഗത്ത് ഇരുവരുടേയും പാർട്ടികൾ കൈകോർക്കുമോ എന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ. 'ഈ ചോദ്യത്തിന് രജനി സർ ഉത്തരം നൽകിയിട്ടുണ്ട്. കാലത്തിനു മാത്രമെ ഈ ചോദ്യത്തിന് ഉത്തരം നൽകാനാകൂവെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും പറയാനുള്ളത് ഇതു തന്നെയാണ്,' കമൽ പറഞ്ഞു. ഇത്തരത്തിലുള്ള ചർച്ചകൾക്ക് മുമ്പ് രജനിയുടേയും തന്റേയും പാർട്ടികൾ രൂപീകരിക്കപ്പെടട്ടെ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സഖ്യം ചേരൽ സിനിമയിലേക്ക് നടന്മാരെ ഒപ്പിക്കുന്നതു പോലെ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 21നാണ് പല തവണ മാറ്റി വച്ച കമലിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം.