Sorry, you need to enable JavaScript to visit this website.

വീടില്ലാതെ പാര്‍ക്കുകളില്‍ കിടന്നുറങ്ങിയ യുവാവ് ഇപ്പോള്‍ കോടീശ്വരന്‍

ലോസ് ആഞ്ചലസ്- അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കിലെ ബെഞ്ചുകളില്‍ കിടന്നുറങ്ങിയ യുവാവ് സ്വപ്രയത്‌നത്തിലൂടെ കോടീശ്വരനായി മാറി. വെറും 500 ഡോളറുമായി റുമാനിയയിലെ വീട്ടില്‍നിന്ന് പുറപ്പെട്ട നിക്ക് മൊകുട്ട എന്ന 37 കാരനാണ് അമേരിക്കയിലും റുമാനിയയിലും നിരവധി ഫ് ളാറ്റുകളും വാഹനങ്ങളുമുള്ള കോടീശ്വരനായി മാറിയത്.

21 വയസ്സുള്ളപ്പോഴാണ് പോക്കറ്റില്‍ 500 ഡോളറുമായി നാടുവിട്ടത്. ലോസ് ആഞ്ചലസിലെത്തിയപ്പോള്‍ നിക്കിന് ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊതു പാര്‍ക്കുകളിലെ ബെഞ്ചുകളില്‍ ഉറങ്ങാന്‍ നിര്‍ബന്ധിതനായി. ഭക്ഷണത്തിനുപോലും വകകണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ലീഷ് നന്നായി അറിയാത്തത് വലിയ പോരായ്മയായിരുന്നു.

ഇപ്പോള്‍ യുഎസ് പൗരനായ നിക്ക് കുടുംബത്തിനായി വീടുകള്‍ വാങ്ങി. മക്‌ഡൊണാള്‍ഡില്‍ ഒരു ഡോളര്‍ ബര്‍ഗര്‍ വാങ്ങാന്‍ പോയാല്‍ അധിക നിരക്ക് ഈടാക്കാതിരിക്കാന്‍ ചീസ് വേണ്ട എന്ന് പ്രത്യേകം പറയുമായിരുന്നുവെന്ന്  നിക്ക് വെളിപ്പെടുത്തുന്നു.

ഒരു ചെറിയ ഫ് ളാറ്റ് കണ്ടെത്തുന്നതിനായി  കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പോലുള്ള ചെറിയ ജോലികള്‍  കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെട്ടതോടെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ ലൈസന്‍സ് നേടി.

2013ല്‍,  ഇറക്കുമതി ചെയ്ത ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ ഇ ബേയില്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ആറുമാസത്തിനുള്ളില്‍, പ്രതിമാസം 3,000- 4,000 ഡോളര്‍ സമ്പാദിച്ചു. തുടര്‍ന്ന് മുഴുവന്‍ സമയ ഇ കൊമേഴ്‌സിലേക്ക് മാറുന്നതിനായി ബ്രോക്കര്‍  ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

പിതാവ് അക്കൗണ്ടന്റും മാതാവ് അധ്യാപികയുമായിരുന്നു. ബിരുദം നേടിയ ശേഷമാണ്  അമേരിക്കയിലേക്ക് കുടിയേറിയത്. ഓണ്‍ലൈനാണ് ഭാവിയെന്ന് ഞാന്‍ എപ്പോഴും കരുതിയിരുന്നു- നിക്ക് പറഞ്ഞു.

ഇപ്പോള്‍, ആമസോണ്‍, വാള്‍മാര്‍ട്ട് തുടങ്ങിയ സൈറ്റുകളില്‍ നിക്കിന് ഒന്നിലധികം ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഉണ്ട്. അദ്ദേഹം 40 മില്യണ്‍ ഡോളര്‍ വരുമാനമുള്ള നിക്കിന് ഇപ്പോള്‍ നൂറുകണക്കിന് ക്ലയന്റുകളുമായി പങ്കാളിത്തവുമുണ്ട്.
യു.എസിലും റുമാനിയയിലുമായി 100 ഫ് ളാറ്റുകളും നാല് ആഡംബര കാറുകളുമുണ്ട്.

തോല്‍ക്കാന്‍ ഭയപ്പെട്ടിരുന്നില്ലെന്നതാണ് തന്റെ വിജയത്തിനു കാരണമെന്ന്  നിക്ക് പറയുന്നു. സ്ഥിരോത്സാഹിയാണെന്നും ഒരിക്കലും ശ്രമം ഉപേക്ഷിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.  ഏഴ് തവണ പരാജയപ്പെട്ടാലും എട്ടില്‍ വിജയിക്കുന്നു.  ഒരു ലാപ്‌ടോപ്പും ഇന്റര്‍നെറ്റും മാത്രം മതി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കും.  അമേരിക്കയിലേക്ക് കുടിയേറാന്‍
500 ഡോളര്‍ സമ്മാനിച്ച പരേതയായ മുത്തശ്ശിയോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും നിക്ക് പറയുന്നു.

 

Latest News