ന്യൂദല്‍ഹി- പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്ന പരാമര്‍ശം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പുലിവാലായി. പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് നിരവധി പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പെണ്‍കുട്ടികളാണ് ഗേള്‍സ് ഹു ഡ്രിങ്ക് ബിയര്‍ എന്ന ഹാഷ് ടാഗിനൊപ്പം തങ്ങള്‍ ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവജന പാര്‍ലമെന്റ് പരിപാടിയിലായിരുന്നു പരീക്കറുടെ വിവാദ പരാമര്‍ശം.
പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിക്കുന്നുവെന്നത് എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സഹിക്കാവുന്നതിന്റെ എല്ലാ അതിരും കടന്നിരിക്കുന്നു- മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഗോവയിലെ ചെറുപ്പക്കാര്‍ അധ്വാന ശീലരല്ലെന്നും പരീക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിഭാരമില്ലെന്നാണ് യുവതലമുറ ചിന്തിക്കുന്നത്. എല്‍ഡി ക്ലര്‍ക്ക് ജോലിക്കായുള്ള നീണ്ട ക്യൂ അധ്വാനിക്കാന്‍ തയ്യാറല്ലാത്ത യുവതയ്ക്കുള്ള തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.