ന്യൂയോര്‍ക്ക്- യൂറോപ്പില്‍ കോവിഡ് വ്യാപനം ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ ഫെബ്രുവരിയാകുന്നതോടെ അഞ്ചു ലക്ഷം പേരുടെ മരണം കൂടി കാണേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
യൂറോപ്യന്‍ മേഖലയിലെ 53 രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതിന്റെ നിലവിലെ വേഗത വളരെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം യൂറോപ്യന്‍ മേഖലയില്‍ 78 ദശലക്ഷം കോവിഡ് കേസുകളുണ്ട്. 53 രാജ്യങ്ങളിലാണിത്.
യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പ്രായക്കാരിലും ഇപ്പോള്‍ കോവിഡ് വര്‍ധന കാണപ്പെടുകയാണ്. മിക്ക രാജ്യങ്ങളിലും വാക്‌സിനേഷന്‍ അപര്യാപത്മാണ്. രോഗ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകളും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി.
വാക്‌സിനേഷന്‍ തോത് കുറഞ്ഞ രാജ്യങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന വര്‍ധിപ്പിച്ച് രോഗികളെ കണ്ടെത്തലും ശാരീരിക അകലവും മാസ്‌കും ഇപ്പോഴും വൈറസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്.
കോവിഡ് കുതിച്ചുചാട്ടം തയടുന്നതില്‍ തന്ത്രങ്ങള്‍ കേന്ദ്രീകരിക്കണം- ക്ലൂഗെ പറഞ്ഞു.
യൂറോപ്പില്‍ തുടര്‍ച്ചയായി ആറ് ആഴ്ചകളായി പ്രതിദിനം പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 2,50,000 കേസുകളും പ്രതിദിനം 3,600 മരണങ്ങളുമാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 8,162 മരണങ്ങളുമായി റഷ്യയാണ് മുന്നില്‍. ഉക്രെയ്‌നില്‍ 3,819 മരണങ്ങളും റൊമാനിയയില്‍ 3,100 മരണങ്ങളും സ്ഥിരീകരിച്ചു.