Sorry, you need to enable JavaScript to visit this website.

ശ്രീനഗര്‍-ഷാര്‍ജ വിമാന സര്‍വീസ് കൂട്ടും, പാക്കിസ്ഥാനെതിരെ പ്രതികാര നടപടിയും ആലോചനയില്‍

ന്യൂദല്‍ഹി- ശ്രീനഗറില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്കിയ  പാക്കിസ്ഥാന്‍ നടപടിക്കിടെ, കശ്മീരികളെ സഹായിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം.  പാക്കിസ്ഥാനെതിരെ പ്രതികാര നടപടിയും ആലോചനയിലാണ്.   
നിലവില്‍ ആഴ്ചയില്‍ നാല് വിമാനങ്ങളാണ് ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുന്നത്. ഇത് ദിവസേനയാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. യാത്രക്കാരുള്ളതിനാല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും.
ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ചര്‍ച്ച നടത്തിയതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ്  പാക്കിസ്ഥാന് മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് വലിക്ക് എര്‍പ്പെടുത്തിയത്. പുതിയ സാഹചര്യത്തില്‍ വിമാനങ്ങള്‍ ഉദയ്പൂര്‍, അഹമ്മദാബാദ് വഴി ഒമാനിന് മുകളിലൂടെ പറക്കുന്നത്. ഒന്നര മണിക്കൂര്‍ അധിക സമയമെടുക്കുന്നതോടൊപ്പം ചെലവും കൂടുന്നു.  

ലാഹോറില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കുന്നുണ്ട്. പ്രതികാര നടപടിയുടെ ഈ വിമാനം അനുവദിക്കാതിരുന്നാല്‍ സിംഗപ്പൂരിലേക്ക് പോകുന്നതിന് മുമ്പ് ലാഹോറില്‍ നിന്ന് കറാച്ചിയിലേക്കും കൊളംബോയിലേക്കും പോകേണ്ടിവരും.  പ്രതികാര നടപടി കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
പാക്കിസ്ഥാനികള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് സായുധ ഡ്രോണുകള്‍ പറത്തുന്നതിനിടെയാണ് ഇന്ത്യയുടെ സിവിലിയന്‍ വിമാനങ്ങള്‍ക്ക് പോലും വിലക്ക് വന്നിരിക്കുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരും ഗള്‍ഫും തമ്മിലുള്ള വ്യാപാരം വര്‍ധിക്കുന്നതാണ്  പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിരോധത്തിനുള്ള പശ്ചാത്തലമായി ഇന്ത്യ കാണുന്നത്. കശ്മീരില്‍നിന്ന് പ്രതിദിനം അഞ്ച് ടണ്‍ ചരക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് സജീവ ചര്‍ച്ച നടത്തി വരികയായിരുന്നു.  അഞ്ച് ടണ്‍ കയറ്റുമതി നടന്നാല്‍ അത് ജമ്മു കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സഹായമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.  

 

Latest News