ന്യൂദല്‍ഹി- അവശ്യ സേവനങ്ങളും ആനുകൂല്യങ്ങളും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ നിഷേധിക്കരുതെന്ന് ആധാര്‍ അതോറിറ്റിയായ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) വ്യക്തമാക്കി.
കേന്ദ്ര,സംസ്ഥാന മന്ത്രാലയങ്ങളും വകുപ്പുകളും ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ചികിത്സ, ആശുപത്രി പ്രവേശനം, റേഷന്‍, സ്‌കൂള്‍ അഡ്മിഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ആധാര്‍ അതോറിറ്റിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം.
2017 മാര്‍ച്ച് 24 നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്തുടരണമെന്നും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും യു.ഐ.ഡി.എ.ഐ പത്രക്കുറിപ്പില്‍ പറയുന്നു. ആധാര്‍ കാണിക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തില്‍ കാണുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ ആശുപത്രി വരാന്തയില്‍ പ്രസവിച്ചിരുന്നു. മുന്നി എന്ന 25 കാരിക്കാണ് ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ദുരനുഭവം നേരിട്ടത്. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവ് ബബ്ലുവിനെയും കൂട്ടി ആശുപത്രിയിലെത്തിയത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്നായിരുന്നു ഗൈനക്കോളജിസ്റ്റിന്റെയും നഴ്‌സിന്റെയും നിലപാട്.
ആധാര്‍കാര്‍ഡ് കയ്യിലില്ലാത്തതിനാല്‍ സ്‌കാനിംഗ് ചെയ്യാനാവാതെ വന്നു. ആധാര്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡും ഉണ്ടെന്ന് പറഞ്ഞിട്ടും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറത്തെ വരാന്തയില്‍ കഴിയേണ്ടി വന്ന മുന്നി അവിടെത്തന്നെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് പറഞ്ഞതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
സംഭവത്തെത്തുടര്‍ന്ന് ജനങ്ങള്‍ ആശുപത്രിയിലേക്ക് ഓടിക്കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും ആധാര്‍ കാര്‍ഡ് കയ്യിലില്ലാത്തതിനാലാണ് പ്രശ്‌നങ്ങളുണ്ടായതെന്നുമുള്ള നിലപാടിലാണ് മുന്നിയും ബബ്ലുവും. അമ്മയും കുഞ്ഞും ഇപ്പോള്‍ സിവില്‍ ആശുപത്രിയിലെ തന്നെ മാതൃശിശു പരിചരണ വിഭാഗത്തിലാണുള്ളത്. സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്‌സിനും വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തിയതിനത്തുടര്‍ന്നാണ് ഗുരുഗ്രാമിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. അശ്രദ്ധ വരുത്തിയതില്‍ ആശുപത്രി മാനേജ്‌മെന്റ് ക്ഷമ ചോദിച്ചു.