ന്യൂയോര്‍ക്ക്- 13 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി കാറിലും ക്ലാസ് മുറിയിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ജയിലില്‍ കഴിയുന്ന അധ്യാപിക ഇപ്പോള്‍ അന്തേവാസികളെ പഠിപ്പിക്കുകയാണ്. ജയില്‍ അന്തേവാസികള്‍ക്കിടയില്‍ ആദരണീയയായ അധ്യാപികയാണ് ഇപ്പോള്‍ ഇവര്‍. ജയിലിലെ പാഠശാലയില്‍ ഇവര്‍ അന്തേവാസികള്‍ക്ക് ക്ലാസ് എടുക്കുകയും സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതായി ജയില്‍ അധികൃതരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജയില്‍ ജീവിതം ഇവരെ മാനസാന്തരപ്പെടുത്തിയതായും ഇവര്‍ ആളാകെ മാറിയെന്നും അരിസോണ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് 2019ലാണ് ബ്രിട്ടാനി സമോറ എന്ന അധ്യാപികയ്ക്ക് ഫീനിക്‌സ് കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ രക്ഷിതാക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധ്യാപിക കുടുങ്ങിയത്. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ ആരോപണം സത്യമാണെന്ന് കണ്ടെത്തിയിരുന്നു. തനിക്ക് തെറ്റു പറ്റിയെന്നും ഇനിയിത് ആവര്‍ത്തിക്കില്ലെന്നും അധ്യാപിക കോടതിയില്‍ ഉറപ്പു നല്‍കിയെങ്കിലും, 20 വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയായിരുന്നു.
അമേരിക്കയിലെ ഗൂഡ് ഇയറിലുള്ള ലാസ് ബ്രിസാസ് അക്കാദമിയിലെ അധ്യാപികയായ ബ്രിട്ടാനി സമോറയാണ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ജയിലിലായത്.കാറിലും ക്ലാസ് മുറിയിലുമായി നിരവധി തവണ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഇവര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. കുട്ടിയും ഇതേ മൊഴിയാണ് നല്‍കിയത്. തുടര്‍ന്നാണ്, കോടതി ഇവര്‍ക്കെതിരെ ജയില്‍ ശിക്ഷ വിധിച്ചത്.
താന്‍ ചെയ്ത കുറ്റം പൊറുക്കാനാവാത്തതാണെന്നും അതില്‍ അങ്ങേയറ്റം ദു:ഖിക്കുന്നതായും അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു. കുട്ടിയോടും കുടുംബത്തോടും ഇവര്‍ മാപ്പു പറയുകയും ചെയ്തിരുന്നു. ജയില്‍ വാസകാലത്ത് പുതിയ ബിരുദം കൂടി എടുക്കുമെന്നും പുതിയൊരു മനുഷ്യനായാണ് താന്‍ പുറത്തിറങ്ങുകയെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ജയിലില്‍ എത്തിയപ്പോഴും അവര്‍ നല്ല നടപ്പായിരുന്നുവെന്നും ഇപ്പോള്‍ ജയില്‍ പാഠശാലയിലെ മികച്ച അധ്യാപികയാണ് അവരെന്നുമാണ് ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍, നല്ലനടപ്പ് പരിഗണിച്ച് അവരുടെ ശിക്ഷയില്‍ ഇളവു വരാന്‍ സാദ്ധ്യതയില്ല. 50 വയസ്സാവാതെ അവര്‍ക്ക് ജയിലില്‍നിന്നിറങ്ങാനും കഴിയില്ല.