Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റേത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം, പ്രത്യേക നികുതിയും സെസും കുറക്കണം- മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം- പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന പ്രത്യേക എക്‌സൈസ് നികുതിയില്‍ ചെറിയ കുറവ് വരുത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇപ്പോള്‍ ഈ കുറവ് വരുത്തിയത് രാജ്യത്താകെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍നിന്ന് താല്‍ക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണെന്നും മന്ത്രി പറഞ്ഞു.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇതുവഴി കുറയുക. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും മേല്‍ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവണ്‍മെന്റ് ചുമത്തിയിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിന്റെ   അന്തര്‍ദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്.

പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വര്‍ഷമായി ഇടതു ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവില്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റര്‍ ഡീസല്‍ നിന്നും പെട്രോളില്‍ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന്  മന്ത്രി പറഞ്ഞു.

 

Latest News