വധു ലത്തീൻ ക്രൈസ്തവ വിശ്വാസി, വരൻ ഹിന്ദു തണ്ടാൻ
തിരുവനന്തപുരം- പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതം മാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതായി പരാതി. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ഇപ്പോൾ ചികിത്സയിലാണ്.
ചിറയിൻകീഴ് ബീച്ച് റോഡിൽ വെച്ച് ഒക്ടോബർ 31 നാണ് സംഭവം നടന്നത്. ബോണ ക്കാട് സ്വദേശിയായ മിഥുനെന്ന 29കാരനാണ് മർദ്ദനമേറ്റത്. ഡി.ടി.പി ഓപറേറ്ററാണ് മിഥുൻ. 24 കാരിയായ ദീപ്തിയും മിഥുനും തമ്മിൽ ഒക്ടോബർ 29 നാണ് വിവാഹിതരായത്. ദീപ്തി ലത്തീൻ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാൻ വിഭാഗക്കാരനാണ് മിഥുൻ. വീട്ടുകാർ എതിർത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരൻ പള്ളിയിൽ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിൻകീഴിലേക്ക് വിളിച്ചു വരുത്തിയത്. ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഡോക്ടറാണ്. മിഥുൻ മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽനിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേർന്ന് മിഥുനെ ക്രൂരമായി മർദ്ദിച്ചത്. അടിയേറ്റ് മിഥുന്റെ തലച്ചോറിന് പരിക്കേറ്റു. സമീപത്തെ കടയിലെ സി.സി ടി.വിയിൽ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് സംഭവം വിവാദമായത്. ആക്രമണം നടന്ന ഒക്ടോബർ 31 ന് തന്നെ ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. എന്നാൽ കേസെടുത്തെന്നും പ്രതിക്കായി തെരച്ചിൽ നടത്തുകയാണെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.