ന്യൂദല്‍ഹി- ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ച നമസ്‌ക്കാരം സംഘടിപ്പിക്കാന്‍ അനുമതി ഉണ്ടായിരുന്ന 37 ഇടങ്ങളില്‍ എട്ടിടത്തെ അനുമതി പിന്‍വലിച്ചു. ഹിന്ദുത്വ തീവ്രവാദികളുടെ നിരന്തര ഭീഷണിയും റെസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രതിഷേധവും മൂലമാണ് നടപടി. സെക്ടര്‍ 49ലെ ബംഗാളി ബസ്തി, ഡിഎല്‍എഫ് ഫെയ്‌സ്-3യിലെ അഞ്ചാം ബ്ലോക്ക്, സുറത്ത് നഗര്‍ ഫെയ്‌സ് 1, ഖേര്‍കി മജ്‌റ ഗ്രാമത്തിലെ പ്രാന്തപ്രദേശം, ദൗലത്താബാദിന്റെ പ്രാന്തപ്രദേശം, സെക്ടര്‍ 68ലെ റാംഗഡ് ഗ്രാമത്തിനടുത്ത സ്ഥലം, ഡിഎല്‍എഫ് സ്‌ക്വയര്‍ ടവര്‍, റാംപൂര്‍-നഖ്‌റോല റോഡ് എന്നിവയ്ക്കു സമീപത്തുള്ള സ്ഥലങ്ങളില്‍ ഇനി നമസ്‌ക്കാരം അനുവദിക്കില്ല. പൊതുസ്ഥലങ്ങളിലും തുറന്ന സ്ഥലങ്ങളിലും നമസ്‌ക്കാരം നിര്‍വഹിക്കുന്നതിന് നിര്‍ബന്ധമായും ഭരണകൂടത്തിന്റെ അനുവാദം വാങ്ങിയിരിക്കണമെന്നും ഗുഡ്ഗാവ് ഭരണകൂടം അറിയിച്ചു.
പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേകമായി തയാറാക്കിയതോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ സ്ഥലങ്ങളില്‍ നമസ്‌ക്കാരം നടത്താമെന്നും അധികൃതര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ നമസ്‌ക്കാരത്തിന് അനുമതി നല്‍കില്ല.
നമസ്‌ക്കാരം സംഘടിപ്പിക്കാവുന്ന സ്ഥലങ്ങള്‍ കണ്ടെത്താനും ഇതുസംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാ ഭരണകൂടം ഒരു സമിതിക്കു രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. ഗുഡ്ഗാവ് ഡെപ്യൂട്ട് കമ്മീഷണര്‍ യാഷ് ഗാര്‍ഗ്, സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍, മത-സാമൂഹിക സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സമിതി. ഈ സമിദി സമുദായങ്ങളുമായി ചര്‍ച്ച നടത്തി നമസ്‌ക്കാരം മൂലം പ്രദേശവാസികള്‍ക്ക് പ്രയാസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഭരണകൂടം അറിയിച്ചു.