കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികളുടെ ഉപയോഗം പൂര്‍ണമായും വിലക്കിയതായി താലിബാന്‍ പ്രഖ്യാപിച്ചു. വന്‍ പ്രതിസന്ധിയിലകപ്പെട്ട സമ്പദ്‌വ്യവസ്ഥയെ ഇതു കൂടുതല്‍ ഞെരുക്കത്തിലാക്കും. താലിബാന്‍ ഭരണത്തിലേറിയതിനു ശേഷം പ്രാദേശിക കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. വിദേശത്തുള്ള അഫ്ഗാന്റെ കരുതല്‍ ധനശേഖരം പൂര്‍ണമായും മരവിപ്പിക്കുകയും ചെയ്തിരുന്നു. സമ്പദ് വ്യവസ്ഥ ആടിയുലഞ്ഞ അവസ്ഥയിലായതോടെ പണ പ്രതിസന്ധി മൂലം ബാങ്കുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്. താലിബാന്‍ ഭരണകൂടത്തെ ഇനിയും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്തതിനാല്‍ പ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് പല ഇടപാടുകളും യുഎസ് ഡോളറിലാണ് നടന്നു വരുന്നത്. പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പാക്കിസ്ഥാനി രൂപയും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആഭ്യന്തര ഇടപാടുകള്‍ക്ക് വിദേശ കറന്‍സി ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടുമെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു.