മുംബൈ- ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെട്ട ലഹരി പാര്‍ട്ടി കേസിലൂടെ വിവാദത്തിലായ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ സഹോദരിയും ലഹരിമരുന്ന് കച്ചവടക്കാരനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വിട്ട് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്.
സമീര്‍ വാങ്കഡെയുടെ സഹോദരി യാസ്മിനും മയക്കുമരുന്ന് കച്ചവടക്കാരനും തമ്മിലുള്ള ഇടപാടിന്റെ ചാറ്റാണ് മന്ത്രി പുറത്തുവിട്ടത്.
എന്നാല്‍ തന്റെ കുടുംബത്തെ കുടുക്കാന്‍ ലഹരിമരുന്ന് മാഫിയ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. സല്‍മാന്‍ എന്ന പേരില്‍ ഒരു കച്ചവടക്കാരന്‍ തന്റെ സഹോദരിയുമായി ബന്ധപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇടനിലക്കാരന്‍ വഴി കെണിയില്‍ പെടുത്താനാണ് ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇത്തരം ശ്രമങ്ങള്‍ തുടരുകയാണെന്നും ലഹരിമരുന്ന് മാഫിയയാണ് ഇതിനു പിന്നിലെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.