റിയാദ്- വിസിറ്റ് വിസ ഒരിക്കലും ഇഖാമയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാന്‍ സാധിക്കുമെന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് ഒരു അടിസ്ഥാനവുമില്ല. വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നിയമ നിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
വിസിറ്റ് വിസകള്‍ കമ്പനികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പേരിലുള്ള ഇഖാമകളാക്കി മാറ്റാനും വ്യക്തികളായ തൊഴിലുടമകളുടെ സ്പോണ്സര്ഷിപ്പിലുള്ള ഇഖാമകളാക്കി മാറ്റാനുമുള്ള വ്യവസ്ഥകള്‍ എന്ന പേരില്‍ ജവാസാത്തിന്റെ എംബ്ലത്തോടു കൂടിയ ബാനറുകള്‍ സ്ഥാപിച്ചതിന്റെ ഫോട്ടോകള്‍ സഹിതമാണ് വിസിറ്റ് വിസ ഇഖാമയാക്കി മാറ്റിനല്‍കാന്‍ സാധിക്കുമെന്ന് വാദിക്കുന്ന പരസ്യങ്ങളും റിപ്പോര്‍ട്ടുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തട്ടിപ്പിന് ശ്രമിച്ചാണ് സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഇത് പ്രചരിപ്പിക്കുന്നത്. വിസിറ്റ് വിസകള്‍ ഇഖാമകളാക്കി മാറ്റാന്‍ ഫീസുകള്‍ അടക്കണമെന്നും തട്ടിപ്പ് പരസ്യങ്ങള്‍ പറയുന്നു.