Sorry, you need to enable JavaScript to visit this website.

ജിന്നയെ പണ്ടേ തള്ളിയതാണ്, മുസ്ലിംകള്‍ക്ക് ഒരു താല്‍പര്യവുമില്ല, അഖിലേഷിനെ ഓര്‍മിപ്പിച്ച് ഉവൈസി

ന്യൂദല്‍ഹി- മുഹമ്മദലി ജിന്നയുടെ കാര്യത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരു താല്‍പര്യവുമില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിനെ ഓര്‍മിപ്പിച്ച് അഖിലേന്ത്യാ മജ് ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.

ജിന്നയേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും ഒറ്റശ്വാസത്തില്‍ അഖിലേഷ്‌ചേര്‍ത്തു പറഞ്ഞതിനെയാണ് ഉവൈസി രൂക്ഷമായി വിമര്‍ശിച്ചത്.

ജിന്നയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരു കാര്യവുമില്ലെന്ന് അഖിലേഷ് മനസ്സിലാക്കണം. ഞങ്ങളുടെ പൂര്‍വികര്‍ ദ്വരാഷ്ട്ര പരിഹാരത്തെ നിരാകരിച്ചതായിരുന്നു. ഇന്ത്യയെ സ്വന്തം രാജ്യമായി തെരഞ്ഞെടുക്കുകയാണ് അവര്‍ ചെയ്തത്- ഉവൈസി പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ കൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തെ സന്തോഷിപ്പിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അദ്ദേഹത്തിനു തെറ്റി. ഉപദേശകരെ മാറ്റുന്നതായിരിക്കും ഉചിതം. അഖിലേഷ് സ്വയം വിദ്യാഭ്യാസം നേടുകയും ചരിത്രം വായിക്കാന്‍ സമയം കണ്ടെത്തുകയും വേണം.

കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടൊപ്പം ജിന്നയേയും അഖിലേഷ് പുകഴ്ത്തിയത്. മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ് റു എന്നിവരോടൊപ്പം ജിന്നയും സ്വതന്ത്ര്യ പോരാളി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജിന്നയേയും പട്ടേലിനേയും സമമാക്കിയതിന് നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഖിലേഷിനെ വിമര്‍ശിച്ചിരുന്നു.  

 

Latest News