കോട്ടയം - പിതാവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റു ഗുരുതരാവസ്ഥയിലായിരുന്ന മകന്‍ മരിച്ചു. പാലാ അന്തീനാട് ക്ഷേത്രത്തിനു സമീപം കാഞ്ഞിരത്താംകുന്നേല്‍ ഷിനു(35) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവുമായി ബന്ധപ്പെട്ട് പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ പോലീസ് പിറ്റേന്നു തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
സെപ്റ്റംബര്‍ 23നായിരുന്നു ആസിഡ് ആക്രമണം. ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ (61) ആസിഡ് ഒഴിക്കുകയായിരുന്നു. 75 ശതമാനം പൊള്ളലേറ്റ ഷിനുവിനെ അത്യാസന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാരും മകന്‍ ഷിനുവും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം വൈകുന്നേരവും ഇരുവരും തമ്മില്‍ ഏറെനേരം വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാന്‍ പോയി. എന്നാല്‍ പുലര്‍ച്ചെയോടെ പിതാവ് ഗോപാലകൃഷ്ണന്‍ ആസിഡ് എടുത്ത് ഷിനുവിന്റെ ശരീരത്ത് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ ഷിനു ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയും ഗുരുതരാവസ്ഥയിലായ ഷിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം പോലീസ് ഷിനുവിന്റെ മരണമൊഴി രേഖപ്പെടുത്തി. പിതാവ് ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് ഷിനു മൊഴി നല്‍കിയിട്ടുണ്ട്.
22നു പകല്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഗോപാലകൃഷ്ണനെ ഷിനു ചവിട്ടി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഷിനു ഉറക്കത്തിലാണെന്ന് ഉറപ്പാക്കിയ ശേഷം റബര്‍ തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ദേഹത്ത് ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആസിഡിന്റെ ബാക്കി കൊല്ലപ്പള്ളി തോട്ടില്‍ ഉപേക്ഷിച്ചശേഷം ഗോപാലകൃഷ്ണന്‍ റബര്‍ തോട്ടത്തില്‍ കിടന്നുറങ്ങി. രാവിലെ ഉള്ളനാട് ഷാപ്പിലെത്തി മദ്യപിച്ചശേഷം ഓട്ടോറിക്ഷയില്‍ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോപാലകൃഷ്ണന്‍ റിമാന്‍ഡിലാണ്.