പട്‌ന- ആറു പേരുടെ മരണത്തിനിടയാക്കിയ 2013 ലെ പട്‌ന സ്‌ഫോടന പരമ്പരക്കേസില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി. രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവും രണ്ട് പേര്‍ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചു. ഒരു പ്രതിക്ക് ഏഴുവര്‍ഷം തടവു ശിക്ഷയാണ് കോടതി വിധിച്ചത്.
2013 ഒക്ടോബര്‍ 27നാണ് സ്‌ഫോടനം നടന്നത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ റാലി നടന്ന സ്ഥലത്താണു സ്‌ഫോടനമുണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഏഴു സ്‌ഫോടനങ്ങളാണ് അന്നു നടന്നത്. സ്‌ഫോടനത്തിലും ഭയന്നോടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് പേര്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസില്‍ പതിനൊന്നു പേര്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി ഗുര്‍വീന്ദര്‍ മഹോത്ര ഒരാളെ കുറ്റവിമുക്തനാക്കി. പ്രതികളില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തയാളെ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷിച്ചിരുന്നു.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചശേഷം ഗാന്ധി മൈതാനിയില്‍ നടന്ന ഹുങ്കാര്‍ റാലിയിലാണ് സ്‌ഫോടനമുണ്ടായത്. പട്‌ന റയില്‍വെ സ്റ്റേഷനില്‍ രാവിലെ പത്തോടെയാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്. അവശേഷിച്ചവ ഗാന്ധി മൈതാനത്തായിരുന്നു. മോഡി പ്രസംഗിച്ച വേദിയില്‍നിന്നു 150 മീറ്റര്‍ ദൂരെയാണ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്.
എന്നാല്‍ ഈ സമയത്ത് മോഡിയും ബി.ജെ.പി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല. സ്‌ഫോടനത്തിന് ശേഷം സ്ഥലത്ത് നടത്തിയ തെരച്ചിലില്‍ നാല് ബോംബുകള്‍കൂടി കണ്ടെത്തിയിരുന്നു.