മുംബൈ- ഇന്ത്യയില്‍നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഹജ് അപേക്ഷാ രീതി നൂറു ശതമാനം ഓണ്‍ലൈനിലാക്കുകയാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി അറിയിച്ചു.
ദക്ഷിണ മുംബൈയിലെ ഹജ് ഹൗസില്‍ വെച്ചാണ് 2022 ഹജിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങിയതായി മന്ത്രി പ്രഖ്യാപിച്ചത്. 2022 ജനുവരി 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഹജ് മൊബൈല്‍ ആപ് വഴിയും ഹജിനു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അപേക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു.
വോക്കല്‍ ഫോര്‍ ലോക്കല്‍ പദ്ധതിക്കു കീഴില്‍ തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഹാജിമാരെ പ്രേരിപ്പിക്കും. പൊതുവെ ഹജ് തീര്‍ഥാടകര്‍ ബെഡ് ഷീറ്റുകളും തലയണകളും കുടുകളും ടവ്വലുകളും മറ്റും വിദേശ കറന്‍സി നല്‍കി സൗദി അറേബ്യയില്‍നിന്നാണ് വാങ്ങാറുള്ളത്.
ഇത്തവണ ഇത്തരം ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ കറന്‍സി നല്‍കി ഇവിടെനിന്നുതന്നെ വാങ്ങാന്‍ സംവിധാനമൊരുക്കുമെന്നും സൗദി അറേബ്യയിലെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനം വിലക്കുറവില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ പുറപ്പെടുന്ന എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ലക്ഷം ഹാജിമാരെങ്കിലും തീര്‍ഥാടനത്തിനു പോകാറുണ്ടെന്നും കോടിക്കണക്കിന് ഇന്ത്യന്‍ രൂപ ലാഭിക്കാന്‍ പുതിയ സംവിധാനം വഴി കഴിയുമെന്നും നഖ് വി കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രോട്ടോക്കോളും ഇന്ത്യയും സൗദി അറേബ്യയും ഏര്‍പ്പെടുത്തുന്ന ചട്ടങ്ങളും അനുസരിച്ചായിരിക്കും ഹാജിമാരെ തെരഞ്ഞെടുക്കുക.
ഹജിനു പുറപ്പെടുന്ന കേന്ദ്രങ്ങള്‍ ഇത്തവണ 21 ല്‍നിന്ന് പത്തായി കുറിച്ചിട്ടുണ്ട്. കേരളത്തില്‍ കൊച്ചി കേന്ദ്രമാണ്.
മഹ്‌റമില്ലാതെ ഹജിനു പോകാന്‍ 2020 ലും 2021 ലും 3000 സ്ത്രീകള്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷകര്‍ ഇത്തവണ പോകാന്‍ അര്‍ഹരായിരിക്കും. മറ്റു സ്ത്രീകള്‍ക്കും അപേക്ഷിക്കാമെന്നും ഇവരെ തീര്‍ഥാടകരെ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.