റമല്ല- പശ്ചിമേഷ്യയിലെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫലസ്തീനിലെത്തി. ഇവിടെ എത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ജോർദാനിൽ വിമാനമിറങ്ങിയ മോഡി ജോർദാൻ രാജാവ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയെ ശേഷമാണ് ഫലസതീനിലെത്തിയത്. ജോർദാൻ സർക്കാരിന്റെ ഹെലികോപ്റ്ററിൽ ഇസ്രഈൽ വ്യോമസേന ഒരുക്കിയ സുരക്ഷാ കവചത്തിന്റെ അകമ്പടിയോടെയാണ് റമല്ലയിൽ ഇറങ്ങിയത്. ഫസ്തീൻ നേതാവ് യാസർ അറഫാത്തിന്റെ റമല്ലയിലെ കുടീരത്തിൽ മോഡി പുഷ്പ ചക്രമർപ്പിച്ചു.
ഫലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും മേഖലയിലെ പ്രശനങ്ങളും ഇരു രാജ്യങ്ങളേയും ബാധിക്കുന്ന ആശങ്കകളുമാണ് ചർച്ച ചെയ്തത്. ഇന്ത്യ-ഫലസ്തീൻ ബന്ധത്തിന് നൽകിയ സംഭാവനകളെ മുൻ നിർത്തി ഫലസ്തീൻ മോഡിയെ ആദരിച്ചു.