ശ്രീനഗര്‍- ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വീണ്ടും ഭരണകൂടം ശ്രീനഗറില്‍ വീട്ടുതടങ്കലില്‍ അടച്ചെന്ന് അവരുടെ പാര്‍ട്ടി പിഡിപി. സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ശാഹിദ് അഹമദ് എന്ന യുവാവിന്റെ കുടുംബത്തെ കാണാന്‍ അനന്ത്‌നാഗിലേക്ക് പോകുന്നത് തടയാനാണ് തടങ്കലിലാക്കിയതെന്ന് ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. മെഹബൂബയുടെ വീടിന്റെ പ്രധാന ഗെയ്റ്റ് പോലീസ് താഴിട്ടു പൂട്ടിയിരിക്കുകയാണ്. മെഹബൂബയ്ക്ക് അനന്ത്‌നാഗിലേക്ക് പോകാന്‍ അനുമതി ഇല്ലെന്ന് പോലീസ് പറഞ്ഞു. ശ്രീനഗറിലെ ഗുപ്കറിലാണ് മെഹബൂബയുടെ വീട്.
ഒക്ടോബര്‍ 24നാണ് സിആര്‍പിഎഫും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ ശാഹിദ് കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിനെതിരെ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രതികരിച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം വേണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ സേന ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ഖേദകരമാണെന്ന് നേരത്തെ മെഹ്ബൂബ പറഞ്ഞിരുന്നു.