ചണ്ഡീഗഢ്- പഞ്ചാബില്‍ ഗാര്‍ഹിക ഉപഭോഗത്തിനുള്ള വൈദ്യുതി നിരക്ക് യൂനിറ്റിന് മൂന്ന് രൂപ വെട്ടിക്കുറച്ചു. പുതിയ ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നതായും മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ നീക്കം. കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടി അധികാരം ലഭിച്ചാല്‍ വൈദ്യുതി വിതരണം സൗജന്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ അവര്‍ ആഴവശ്യപ്പെട്ടത് കുറഞ്ഞ നിരക്കില്‍ വൈദ്യുതിയാണ്, സൗജന്യമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ നീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി ചന്നിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ ഇതു ചെയ്തിട്ടില്ല. കാരണം ഇത് അവരുടെ പദ്ധതിയിലില്ല. തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പു മാത്രം ഈ പ്രഖ്യാപനം നടത്തിയത് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ത്വരതിഗതിയിലുള്ള വളര്‍ച്ച ഭീഷണി ആയതു കൊണ്ടാണെന്നും അവര്‍ പറഞ്ഞു.