മുംബൈ- നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ ലഹരിക്കേസ് അന്വേഷണങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിക് അധോലോക ബന്ധമുണ്ടെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ദീപാവലി കഴിഞ്ഞാല്‍ മാലികിനെ തുറന്നു കാട്ടി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു മയക്കുമരുന്നു കടത്തുകാരന്റെ ധനസഹായത്തോടെ ഇറക്കിയ മ്യൂസിക് വിഡിയോയില്‍ ഫഡ്‌നാവിസ് മുഖംകാണിച്ചെന്ന മാലികിന്റെ ആരോപണം ഫഡ്‌നാവിസ് തള്ളി. ഇതൊക്കെ ചിരിച്ചു തള്ളാന്‍മാത്രമെ ഉള്ളൂവെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം. ഈ മ്യൂസിക് വിഡിയോയിലെ ഗായിക ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയാണ്.
ദിപാവലി കഴിയാന്‍ കാത്തിരിക്കുകയാണ് താനെന്നും ക്രിമിനല്‍ അധോലോകവുമായുള്ള നവാബ് മാലികിന്റെ ബന്ധത്തിനുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഈ തെളിവുകള്‍ നവാബ് മാലികന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ അധ്യക്ഷന്‍ ശരത് പവാറിനും അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവാലിക്കു മുമ്പ് മാലിക് ഒരു ചെറിയ പടക്കം മാത്രമാണ് പൊട്ടിച്ചത്, അതിലും വലുത് ഞാന്‍ ആഘോഷം കഴിഞ്ഞാല്‍ പൊട്ടിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. തന്റെ മരുമകനെതിരായ കുറ്റപത്രം ദുര്‍ബലപ്പെടുത്താന്‍ എന്‍സിബിക്കുമേല്‍ നവാബ് മാലിക് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.