ന്യൂദല്‍ഹി- വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയിരുന്ന റാക്കറ്റിനെ തകര്‍ത്തതായി പോലീസ്. ദല്‍ഹിയും ബംഗളൂരും ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് ഒരു വിദേശിയെ അറസ്റ്റ് ചെയ്തതായും സൈബര്‍ ക്രൈം യൂനിറ്റായ ഐ.എഫ്.എസ്.ഒ അറിയിച്ചു.
അജ്ഞാതര്‍ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതായി ലഭിച്ച പരാതിയുടെ തുടര്‍ന്നായിരുന്നു അന്വേഷണം. ഫോണിലെ വാട്‌സ്ആപ്പ് ഉപയോഗിച്ച് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് സന്ദേശം അയച്ച് പണം ആവശ്യപ്പെടുകയായിരുന്നു തട്ടിപ്പിന്റെ രീതി.
അകപ്പെട്ട പ്രയാസങ്ങളെ കുറിച്ച് അയക്കുന്ന സന്ദേശങ്ങളോടൊപ്പം പണം അയക്കേണ്ട അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു.
ചിമുലം ഇമ്മാനുവല്‍ അനിവടാലു എന്നയാളാണ് അറസ്റ്റിലായത്. 15 മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും പിടിച്ചതായും സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.
ഉപയോക്താക്കളെ കെണിയില്‍ ചാടിക്കുകയെന്ന ലക്ഷ്യത്തോടെ മാല്‍വെയറുകള്‍ അയച്ചിരുന്നതായി ലാപ്‌ടോപ്പില്‍നിന്ന് തെളിവുകള്‍ ലഭിച്ചു.
അയക്കുന് ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഇരകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ കോണ്‍ടാക്ട് ലിസ്റ്റും കോള്‍ വിവരങ്ങളും തട്ടിപ്പുകാരുടെ സെര്‍വറിലെക്ക് എസ്.എം.എസായി ലഭിക്കും.
മറ്റു തരത്തിലുള്ള തട്ടിപ്പുകളും നടത്തിയിരുന്നതായി അറസ്റ്റിലായ വിദേശി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പെണ്‍കുട്ടിയായി ആള്‍മാറാട്ടം നടത്തി വിവിധ സോഷ്യല്‍ മീഡിയകളിലൂടെ സൗഹൃദം സ്ഥാപിക്കുന്ന രീതിയാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇങ്ങനെ പരിചയത്തിലാകുന്നവര്‍ക്ക് പുതിയ സോഷല്‍ മീഡിയ ലിങ്ക് അയക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇരയുടെ മുഴുവന്‍ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കും.
പ്രതി നൈജീരിയന്‍ സ്വദേശിയായ ഇമ്മാനുവല്‍ വിസിറ്റ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും 2018 ല്‍ വിസയുടെ കാലാവധി തീര്‍ന്നിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. അഭയം തേടന്നതിനായുള്ള യു.എന്നിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇയാള്‍ തയാറാക്കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.